നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ ആശുപത്രിയാണ് ചര്‍ച്ചാ കേന്ദ്രം. വികസന നേട്ടങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇടതു-വലതു മുന്നണികളും പി.വി.അൻവറും എത്തുന്നതിനൊപ്പം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു ഇടതു സ്വതന്ത്ര സ്ഥാനാർഥികളുടെ പട്ടികയിൽ ഇടം പിടിച്ചതോടെ ജില്ലാ ആശുപത്രി തിരഞ്ഞെടുപ്പ് സ്റ്റാറായി.
നിലമ്പൂർ ജില്ലാശുപത്രിയുടെ കെട്ടും മട്ടും സൗകര്യങ്ങളും മെച്ചപ്പെട്ട് ദേശീയ തലത്തിലുള്ള ഗുണനിലവാര അംഗീകാരങ്ങൾ ലഭ്യമായതോടെയാണ് പല കോണുകളിൽ നിന്ന് അവകാശവാദങ്ങള്‍ എത്തിയത്. സംസ്ഥാന സർക്കാരിന്‍റെ നേട്ടമെന്ന് എൽഡിഎഫും ജില്ലാ പഞ്ചായത്തിന്‍റെ പരിശ്രമമെന്ന് യുഡിഎഫും അവകാശപ്പെടുന്നു.
തന്‍റെ പരിശ്രമം കൊണ്ട് എത്തിയ വികസനമെന്ന് പി.വി. അൻവറിനും അവകാശപ്പെടാം. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ പരിഗണിക്കുന്നതും ഈ നേട്ടങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ്.
മലയോരമേഖലയിലെ പതിനായിരങ്ങളുടെ രോഗികളുടെ ആശ്രയമാണ് ജില്ലാശുപത്രി. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കാലത്തെ വികസന ചർച്ചകളിൽ ജില്ലാ ആശുപത്രിക്ക് പ്രാധാന്യവും ഏറെയുണ്ട്.