സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ േകന്ദ്രം. നാലു ജില്ലകളില്‍ രാത്രി ഒന്‍പതുമണി വരെ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോട്ടയത്ത് രാത്രി ഒന്‍പതുമണി വരെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ വാഴാനി ഡാം നാളെ തുറക്കും. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് 8 മരണം. ഇടുക്കി തോട്ടില്‍വീണ് പാറത്തോട് പുത്തന്‍പറമ്പില്‍ ബാബു മരിച്ചു. വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി ആന്‍റണി മരിച്ചു. എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് അന്നക്കുട്ടി ചാക്കോ മരം വീണ് മരിച്ചു. ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍വീണ് കെ.ജെ.ജയിംസ് മരിച്ചു. കാസർകോട് പ്രവാസി ഒഴുക്കിൽപെട്ട് മരിച്ചു. പാലക്കുന്ന് സ്വദേശി സാദിഖാണ് മരിച്ചത്. കോട്ടയം കൊല്ലാട് മീന്‍പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു. പാറയ്ക്കല്‍കടവ് സ്വദേശികളായ വി.ജെ.ജോബി , അരുണ്‍സാം എന്നിവരാണ് മരിച്ചത്. എറണാകുളം മുനമ്പം ഹാര്‍ബറിനടുത്ത് യുവാവ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണുമരിച്ചു. ബംഗാളുകാരനായ രാമകൃഷ്ണ ബിശ്വാസ് ആണ് മരിച്ചത്.
ഇതോടെ കാലവര്‍ഷക്കെടുതികളില്‍ ഇതുവരെ മരണം 28 ആയി. കോട്ടയം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. വിവിധ ട്രെയിനുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് ഒരു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂര്‍ 27 മിനിറ്റും ജനശതാബ്ദി മൂന്നു മണിക്കൂറിലേറെയും വൈകിയോടുകയാണ്.