പെരുമഴ തെക്കന്‍കേരളത്തിലും നാശം വിതയ്ക്കുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ ബസിന് മുകളില്‍ മരം വീണ് പത്ത് പേര്‍ക്കും പത്തനംതിട്ട റാന്നിയില്‍ അംഗപരിമിതനായ ലോട്ടറി കച്ചവടക്കാരനും പരുക്ക്. പത്തനംതിട്ടയില്‍ 18ഉം തിരുവനന്തപുരത്ത് മൂന്നും വീടുകള്‍ തകര്‍ന്നു. റാന്നിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ നൂറിലധികം മരങ്ങള്‍ വീണ് വൈദ്യുതിബന്ധവും ഗതാഗതവും തടസപ്പെട്ടു.
കലിതുള്ളുന്ന മഴയും വീശിയടിക്കുന്ന കാറ്റും മരങ്ങളെ തകര്‍ത്തെറിയുന്നത് തുടരുകയാണ്. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നക്രാഞ്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് മരം വീണ് കണ്ടക്ടറടക്കം പത്ത് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് മരങ്ങള്‍ ഒരുമിച്ച് ഒടിഞ്ഞെങ്കിലും രണ്ടെണ്ണം ബസിലേക്ക് വീഴാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. റാന്നിയില്‍ മിന്നല്‍ ചുഴലി നാട്ടുകാരെ വിറപ്പിച്ചു. ബൈപ്പാസില്‍ വെച്ച് മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്ന ഇടമുറി സ്വദേശി സുരേഷിന്‍റെ ദേഹത്തേക്കാണ് മരം വീണത്. ഇതുകൂടാതെ നൂറിലധികം മരങ്ങളും ഒടിഞ്ഞു. വൈദ്യുതി ബന്ധവും തകരാറിലായി.
മഴയ്ക്ക് പിന്നാലെ മൂവാറ്റുപുഴ–പുനലൂര്‍ റോഡില്‍ പത നിറഞ്ഞതും നാട്ടുകാരില്‍ ആശങ്കയ്ക്കിടയാക്കി.പത്തനംതിട്ടയില്‍ മല്ലപ്പള്ളി, റാന്നി, തിരുവല്ല, അടൂര്‍, കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലായി 18 വീടുകള്‍ ഭാഗീഗമായി തകര്‍ന്നു. വീണ് തകര്‍ന്നുണ്ടായ അപകടങ്ങളില്‍ ആര്‍ക്കും സാരമായ പരുക്കില്ല. നെടുമങ്ങാട് ആനാടും വീട്ക തര്‍ന്നു. പത്തനംതിട്ട കളക്ട്രേറ്റ് വളപ്പിലെ പൊതുമരാമത്ത് ഓഫീസും മരം വീണ് ഭാഗീകമായി തകര്‍ന്നു. കോന്നിയിലും റാന്നിയിലും വിവിധയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമും പത്തനംതിട്ടയില്‍ മൂഴിയാര്‍ അണക്കെട്ടും തുറന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണം.