കൊച്ചിയില്‍ അപകടത്തില്‍പെട്ട കപ്പലിലെ അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുന്നു. ഇതിനായി സോണര്‍ സര്‍വേ നടത്തുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. അതിനിടെ കണ്ടെയ്നറുകളില്‍ നിന്നുള്ള പ്ളാസ്റ്റിക് ഗ്രാന്യൂള്‍സ് തിരുവനന്തപുരം തീരമാകെ വ്യാപിച്ചത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നു.
453 കണ്ടെയ്നറുകളുള്ളതില്‍ വെറും 54 എണ്ണം മാത്രമാണ് ഇതുവരെ തീരത്തടിഞ്ഞത്. 43 എണ്ണം കൊല്ലത്തും 9 എണ്ണംതിരുവനന്തപുരത്തും 2 എണ്ണം ആലപ്പുഴയിലും. ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തീരത്തടിയേണ്ട സമയം കഴിഞ്ഞെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതോടെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലെ അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകള്‍ എവിടെയെന്ന സംശയം ബലപ്പെടുന്നത്. ഇത് കണ്ടെത്താനും കപ്പല്‍ ഉയര്‍ത്താനുമായാണ് സോണര്‍ സര്‍വേപോലുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്.
കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞതിന്‍റെ ദോഷം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് തിരുവനന്തപുരം തീരത്താണ്. തീരമാകെ പ്ളാസ്റ്റിക് നര്‍ഡില്‍സ് നിറഞ്ഞ് കിടക്കുകയാണ്. ഇത് വീണ്ടും കടലില്‍ പോയാല്‍ മല്‍സ്യങ്ങള്‍ക്കടക്കം ഭീഷണിയാണ്. അതുകൊണ്ട് ഹരിത കര്‍മസേനയടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് അവ നീക്കം ചെയ്യാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. പക്ഷെ മണലടക്കം വാരിമാറ്റേണ്ടതിനാലും ഓരോ തിരയ്ക്കൊപ്പം പ്ളാസ്റ്റിക് വീണ്ടും അടിയുന്നതും ശുചീകരണം അതീവ ശ്രമകരമാക്കുന്നു.