കൊച്ചിയിൽ നിന്ന് കാണാതായ 13കാരനെ ഇടുക്കി തൊടുപുഴയിൽ കണ്ടെത്തി. കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച കൈനോട്ടക്കാരൻ ശശികുമാറിനെതിരെ പോക്സോകേസ് ചുമത്തി കേസെടുത്തു. കുട്ടി ഒപ്പം ഉണ്ടെന്ന് ശശികുമാർ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറിന് കുട്ടി തൊടുപുഴയിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തി വരുമ്പോഴാണ് ഇന്ന് രാവിലെ കുട്ടി തന്റെ ഒപ്പമുണ്ടെന്ന് ശശികുമാർ പിതാവിനെ വിളിച്ചറിയിച്ചത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ശശികുമാറിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
സിനിമ ലൊക്കെഷൻ കാണാൻ തൊടുപുഴയിലെത്തിയതാണെന്നും ശശികുമാർ ഉപദ്രവിച്ചെങ്കിലും പ്രതിരോധിച്ചെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ശശികുമാറിനെതിരെ നേരെത്തെയും കേസുണ്ട്.
ശശികുമാറിനെ കൊച്ചി ഏളമക്കര പൊലീസിന് കൈമാറി. ഇന്നലെ സ്കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങിയ കുട്ടി വീട്ടിലെത്തിയിരുന്നില്ല. പിതാവ് നൽകിയ പരാതിയിൽ എളമക്കര പൊലീസ് അന്വേഷണം നടത്തി വരുമ്പോഴാണ് കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്.