കൊച്ചിയിലെ ഉൾക്കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് വീണു തീരത്ത് ഒഴുകിയെത്തിയ കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടി തുടരുന്നു. വിഴിഞ്ഞത്തു ഇന്നും രണ്ട് കണ്ടെയ്നറുകൾ ഒഴുകിയെത്തി. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചു.
കണ്ടെയ്നറുകളിൽ ഇരുമ്പു വടം ബന്ധിപ്പിച്ച് വലിയ ക്രൈൻ ഉപയോഗിച്ചാണ് കരയിലേക്ക് വലിച്ചു കയറ്റുന്നത്. കൊല്ലത്തും ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് കണ്ടെയ്നറുകൾ തീരതടിഞ്ഞത്. ആലപ്പുഴ തറയിൽ കടവ് തീരത്ത് അടിഞ്ഞ കണ്ടയ്നറും അതിലുണ്ടായിരുന്ന ഉൽപ്പന്നങ്ങളും തീരത്ത് നിന്ന് നീക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കണ്ടയ്നറും അതിലുണ്ടായിരുന്ന വസ്തുക്കളും നീക്കിയത്. കൊല്ലത്ത് ശക്തികുളങ്ങരയിൽ 4 കണ്ടൈനറുകളും കൊല്ലം പോർട്ടിൽ ഒരു കണ്ടെയ്നറും കരയിൽ കയറ്റി.
വിഴിഞ്ഞം തീരത്തേക്ക് ഒഴുകിയെത്തിയ കണ്ടെയ്നറുകൾ കോസ്റ്റ് ഗാർഡിന്‍റെയും, കോസ്റ്റൽ പൊലീസിന്‍റെയും നേതൃത്വത്തിൽ തുറമുഖത്തേക്ക് മാറ്റി. രക്ഷാ കപ്പലെത്തിയാണ് വടം കൊണ്ട് കെട്ടി കടലിലൂടെ വലിച്ച് തുറമുഖത്ത് എത്തിച്ചത്. കണ്ടെയ്നറിൽ നിന്നുള്ള ഇന്ധന മാലിന്യങ്ങൾ കടലിൽ പടരാതിരിക്കാനുള്ള നടപടികൾ കപ്പൽ കമ്പനി സ്വീകരിച്ചിട്ടുണ്ട്.