പി.വി.അന്‍വറുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞുവെന്നും കെ.സി.വേണുഗോപാല്‍ ചോദ്യമുയര്‍ത്തി. കെ.സി. വേണുഗോപാല്‍ കോഴിക്കോട് വച്ച് പി.വി.അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. ഇതനുസരിച്ച് അന്‍വര്‍ കോഴിക്കോട് എത്തിയിരുന്നുവെങ്കിലും കെ.സിയെ കാണാനായില്ല.
പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയാണുള്ളത്. അന്‍വര്‍ വരുന്നതില്‍ യോജിപ്പില്ലെന്ന് വി.ഡി.സതീശന്‍ നിലപാടെടുത്തെങ്കിലും അതങ്ങനെ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. അന്‍വറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും അന്തിമമായി കൈക്കൊണ്ടത്. ഇതിന് പിന്നാലെയാണ് അന്‍വറുമായി കെ.സി.വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്തകള്‍ വന്നത്.