മഴ തുടങ്ങിയതോടെ കറന്റിന്റെ കാര്യവും ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. കാറ്റടിച്ചാല്‍ വൈദ്യുതി മുടങ്ങുന്ന പഴയ സാഹചര്യമൊന്നും ഇപ്പോഴില്ലെങ്കിലും മഴ കനക്കുമ്പോള്‍ പലയിടത്തും വൈദ്യുതി മുടങ്ങുന്നുണ്ട്. മണിക്കൂറുകള്‍ കാത്തിട്ടും കറന്റ് വരാതാകുന്നതോടെ ക്ഷമ നശിച്ച് എല്ലാവരും KSEB ഓഫിസിലേക്കു ഫോണ്‍ വിളി തുടങ്ങും. മഴ തുടങ്ങിയാല്‍ ഫോണ്‍ മാറ്റിവയ്ക്കുന്ന പഴയ KSEB ഓഫിസുകളല്ല മിക്കയിടത്തുമെങ്കിലും ചില വിരുതന്‍മാര്‍ ഇപ്പോഴും പഴയ നമ്പര്‍ പരീക്ഷിക്കുന്നുണ്ട്.
അങ്ങനെ KSEB–യില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെങ്കില്‍ വിളിക്കാനുള്ള നമ്പര്‍ പങ്കു വച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. പ്രാദേശിക KSEB ഓഫിസില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ 1912 എന്ന നമ്പറില്‍ വിളിക്കാനാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതുമല്ലെങ്കില്‍ 9496001912 എന്ന നമ്പറില്‍ വിളിച്ചോ വാട്സാപ്പില്‍ മെസേജയച്ചോ പരാതി രേഖപ്പെടുത്താം.
സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഈ മഴക്കാലത്ത് കേരളീയര്‍ക്ക് ഏറ്റവും ആവശ്യം വരുന്ന നമ്പര്‍ ഓര്‍മിപ്പിക്കുന്നത്. പക്ഷേ ഇതുകൊണ്ടൊന്നും ഒന്നും നടക്കില്ലെന്നാണ് വകുപ്പിലെ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി ഉപഭോക്താക്കളുടെ പ്രതികരണം. പെരുമഴ തുടങ്ങിയിട്ടാണ് വൈദ്യുതി വകുപ്പ് മരച്ചില്ലകള്‍ വെട്ടാന്‍ നടക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
മാത്രമല്ല മന്ത്രി പറഞ്ഞിരിക്കുന്ന 1912 ഓട്ടോമേറ്റഡ് നമ്പറാണെന്നും ഒന്നമര്‍ത്തൂ രണ്ടമര്‍ത്തൂ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ പരിഹാരമൊന്നും ലഭിക്കാറില്ലെന്നും ചില അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്ഥിരമായി ഫോണെടുക്കാത്ത KSEB ഓഫിസുകളുടെ വിവരങ്ങളും ഉപഭോക്താക്കള്‍ പങ്കു വച്ചിട്ടുണ്ട്.