എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ രാത്രിയിലുടനീളം ഇടവിട്ട കനത്തമഴ. അങ്കമാലി, കോതമംഗലം, മൂവാറ്റുഴ എന്നവിടങ്ങിലും തീരപ്രദേശത്തും ശക്തമായ മഴ തുടരുന്നു. ഇന്നലെ എറണാകുളം വടുതലയില്‍ പുഴ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. വടുതല സ്വദേശി അനീഷാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലും എറണാകുളം ജനറല്‍ ആശുപത്രിയുടെ മുന്‍പിലും മരം കടപുഴകി വീണു. നെടുമ്പാശേരി മേക്കാട് ചുഴലിക്കാറ്റിൽ ഇരുന്നൂറ്റി അൻപതോളം റബ്ബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണു. പ്രദേശത്തെ ഒട്ടേറെ വീടുകൾക്കും കേടുപാട് സംഭവിച്ചു. ഭൂതത്താന്‍ കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാനും നിർദേശമുണ്ട്. മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതത്തിന് നാളെ രാവിലെ 7 വരെ നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ താമസിക്കുന്നവർക്ക് മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.