വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട് വടകര കുനിത്താഴത്ത് തെങ്ങ് കടപുഴകി വീണ് സ്കൂട്ടര്‍ യാത്രകാരന്‍ വില്യാപ്പള്ളി സ്വദേശി പവിത്രന്‍ മരിച്ചു. കണ്ണൂരില്‍ നാളെ അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്‍റര്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങ് സ്കൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന പവിത്രന്‍റെ ദേഹത്ത് പതിച്ചത്. പവിത്രനെ വടകര സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കയത്ത് കല്ല് വീണ് പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ടുകള്‍ നാലെണ്ണം തെറിച്ചുപോയി. മലപ്പുറം അരീക്കോട് മതില്‍ ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു. വാലില്ലാപുഴ സ്വദേശികളായ അജിയുടെയും അലീനയുടെയും മകള്‍ അന്‍സയ്ക്കാണ് പരുക്കേറ്റത്. സമീപത്തെ വീടിന്‍റെ മതില്‍ ഇടിഞ്ഞ് കിടപ്പുമുറിയിലേക്ക് വീഴുകയായിരുന്നു. വയനാട് ബത്തേരിയില്‍ നടന്നുപോവുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണാണ് കേണിച്ചിറ പുരമടത്തില്‍ സുരേഷിന്‍റെ മകള്‍ നമിതയ്ക്ക് പരുക്കേറ്റത്. പടിഞ്ഞാറത്തറ കാപ്പുട്ടിക്കലിലെ വെള്ളം കയറിയ അഞ്ചുവീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മുത്തങ്ങയില്‍ റോഡിന് കുറുകെ വീണ മരത്തിനടിയിലൂടെ സാഹസികമായി പോവുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നിരവില്‍പുഴയില്‍ കരിമ്പില്‍ ചന്തുവിന്‍റെ 1500 ഓളം വാഴകളും കാറ്റില്‍ നശിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മാടായി ഫെസ്റ്റിന്‍റെ കൂറ്റന്‍ പന്തലും തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ഷീറ്റും തകര്‍ന്നുവീണു. പാലക്കാട് അട്ടപ്പാടി അഗളി സര്‍ക്കാര്‍ ആശുപത്രിക്ക് മുകളില്‍ മരം വീണെങ്കിലും ആര്‍ക്കും പരുക്കില്ല. അട്ടപ്പാടി പാടവയലില്‍ സെന്തിലിന്‍റെ 600 ഓളം വാഴും ഒടിഞ്ഞുവീണു.