കേരള തീരത്തിനടുത്ത് എം.എസ്.സി എൽസ ത്രീ (MSC Elsa 3) എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽ ചരിഞ്ഞതിനെത്തുടർന്ന് ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. അതേസമയം, 15 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. വിവരമറിഞ്ഞയുടൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിട്ടുണ്ട്.
അപകടത്തില്‍ കപ്പലിൽനിന്ന് അറബിക്കടലിൽ വീണ കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചു. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് ഈ കാർഗോയിലുള്ളത്. ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചു.
ഈ കാർഗോ തീരത്തടിയുകയാണെങ്കിൽ ഒരു കാരണവശാലും തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എന്ന് അധികൃതർ കർശന നിർദേശം നൽകി. തീരത്ത് എണ്ണപ്പാടുകൾ കണ്ടാൽ തൊടരുതെന്ന് മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു.
ഇത്തരം കാർഗോകളോ എണ്ണപ്പാടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പോലീസിനെ അറിയിക്കുകയോ 112 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.