ദേശീയപാതകളിലുണ്ടായ വിള്ളലുകളുടെ പേരിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണം യു.ഡി.എഫും ബി.ജെ.പിയും ഒരേപോലെ നടത്തുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദീർഘകാലമായി മുടങ്ങിക്കിടന്ന ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. "ചില പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്ന് കരുതേണ്ടതില്ല," അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം തടസ്സപ്പെടുമെന്ന് ദുർബുദ്ധിയോടെ സമീപിക്കുന്നവരുണ്ടെന്നും, "അവരുടെ മനഃപായസം യാഥാർത്ഥ്യമാകാൻ പോകുന്നില്ലെന്നും" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാതകളിലെ വിള്ളലുകൾ സംബന്ധിച്ച് ഹൈക്കോടതി ദേശീയപാത അതോറിറ്റിയെ (NHAI) വിമർശിക്കുകയും, അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.