kasargod-nh-experts
  • കണ്ടെത്തല്‍ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേത്
  • കാലവര്‍ഷത്തിന് മുന്‍പ് പരിഹരിക്കാന്‍ നിര്‍ദേശം
  • വിശദ പരിശോധനയ്ക്ക് ദേശീയപാത അതോറിറ്റിയും

കാസർകോട് ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 56 ഇടങ്ങളിൽ അപകട സാധ്യതയുള്ളതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. കാലവര്‍ഷത്തിന് മുന്‍പേ ഇത് പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം, മലപ്പുറത്ത് വയൽ പ്രദേശമുള്ളയിടങ്ങളില്‍ കൂരിയാടിന് സമാനമായ രീതിയിലാണോ കരാര്‍ കമ്പനി നിര്‍മാണം നടത്തിയതെന്ന് ദേശീയപാത അതോറിറ്റി അന്വേഷിക്കും. തൃശൂർ ചാവക്കാട് മണത്തലയിലെ മേൽപ്പാലത്തില്‍ കണ്ടെത്തിയ വിള്ളല്‍ ദേശീയപാത അധികൃതർ വീണ്ടും ടാര്‍ ചെയ്തു.  

നിര്‍മാണത്തിലെ അപാകതകള്‍ മറനീക്കി പുറത്തുവന്നതോടെ അവകാശവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. നിര്‍മാണം പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ പുരോഗതി സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിലാണ് വിലയിരുത്തുന്നതെന്ന  മന്ത്രി മുഹമ്മദ് റിയാസിന്റെ പഴയ അവകാശവാദങ്ങൾ ഇതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 

ദേശീയപാത നിർമ്മാണത്തിനിടെ തകർച്ചയുണ്ടായി മൂന്ന് ദിവസമായിട്ടും ഇതേപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് തയ്യാറായിട്ടില്ല. ഫേസ്ബുക്കിലൂടെ പോസ്റ്റുകളും റീലുകളുമായാണ് മുഹമ്മദ് റിയാസ് പ്രതികരിക്കുന്നത്. ദേശീയപാത നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമായിരുന്നത് എന്നും നിർമ്മാണം ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും ആണെന്നാണ് ഇന്നലെ ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞത്. തിരിച്ചടി മുന്നിൽകണ്ട് മുഖ്യമന്ത്രി പിന്മാറുമ്പോൾ  ദേശീയപാത വികസന നേട്ടം സ്വന്തം അക്കൗണ്ടിൽ ആക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കങ്ങളും പൊളിയുകയാണ്. വിഴിഞ്ഞത്തിനുശേഷം കേരളത്തിലെ വികസനം ദേശീയപാതയിലൂടെയാണെന്ന് പ്രചാരണമാണ് സിപിഎമ്മും സർക്കാരും നടത്തിയിരുന്നത്.  ഇതിനേറ്റ തിരിച്ചടി സർക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്. 

ENGLISH SUMMARY:

A committee of experts appointed by the Kasaragod District Collector identified 56 accident-prone locations along the national highway. The Collector instructed the contracting company to resolve the issues before the monsoon. NHAI will also inspect similar construction patterns in lowland areas like Kooriyad in Malappuram.