സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതി പ്രീമിയവും കവറേജും വർധിപ്പിച്ച് പുതുക്കാൻ ആലോചന. പ്രീമിയം 50 ശതമാനം വരെ കൂട്ടാനാണ് ആലോചന. കവറേജ് 5 ലക്ഷമാക്കി ഉയർത്താനും ധനവകുപ്പ് നിയോഗിച്ച പഠന സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
മെഡിസിപ്പ് പദ്ധതിയില് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ധനവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇവയാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ.
1. പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയാക്കി വർധിപ്പിക്കണം.
2. നിലവിലെ 3 ലക്ഷം രൂപയുടെ കവറേജ് 5 ലക്ഷമാക്കി ഉയർത്തണം.
3. സർക്കാർ, സ്വകാര്യ ആശുപത്രികളെ നഗര–ഗ്രാമ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ച് നിരക്കു നിശ്ചയിക്കണം.
4. അറുനൂറോളം പുതിയ പാക്കേജുകൾ ഉൾപ്പെടുത്തണം.
5.പരമാവധി ആശുപത്രികളെ പദ്ധതിയിൽ പങ്കാളികളാക്കണം.
ഈ ശുപാർശകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചാൽ നിലവിലുള്ള പദ്ധതിയുടെ അപാകതകൾ ഒരു പരിധിവരെ പരിഹരിക്കാമെന്നാണ് ധനവകുപ്പിൻ്റെ വിശ്വാസം. ഇവ നടപ്പിലാക്കുന്നതിൻ്റെ പ്രായോഗികത ഉദ്യോഗസ്ഥ തലത്തിൽ പരിശോധിച്ച് വരികയാണ്. ഇപ്പോഴത്തെ കരാർ ജൂൺ 30ന് അവസാനിക്കുന്നതിനു മുൻപു പുതിയത് ഉറപ്പിക്കാനാണു ശ്രമം. സാധിച്ചില്ലെങ്കിൽ നിലവിലെ കരാർ 3 മാസം വരെ നീട്ടും. എന്തായാലും പദ്ധതി തുടരണമെന്നു തന്നെയാണ് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്നലെ പറഞ്ഞിരുന്നു.