കോഴിക്കോട് മലാപ്പറമ്പും ദേശീയപാത സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു. ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകതയാണ് കാരണം എന്നാണ് ആക്ഷേപം.ടാറിങ് പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പ് തുറന്ന് കൊടുത്ത റോഡാണ് ഒറ്റ മഴയില്‍ താഴ്ന്നു പോയത്.
രാമനാട്ടുകര – വെങ്ങളം ദേശീയപാത ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ആണ് സര്‍വീസ് റോഡിന്‍റെ 20 സെന്‍റിമീറ്ററോളം റോഡ് താഴ്ന്നത്. അന്‍പത് മീറ്ററോളം ദൂരത്തില്‍ റോഡ് അപകടാവസ്ഥയിലാണ്. ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കെട്ടികിടന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം റോഡിന്‍റെ ഇരുവശത്തും ഉണ്ടായിരുന്നില്ല.
അപകടം നടന്ന ഉടന്‍ തന്നെ കരാറുകമ്പനിയുടെ തൊഴിലാളികള്‍ സ്ഥലത്തെത്തി വെള്ളം ഒഴുകി പോകാനുള്ള ചാലുകീറി. ഇടിഞ്ഞ ഭാഗത്തെ ടാറും മണ്ണും ഇളക്കി മാറ്റിയിട്ടുണ്ട്.
ഇനി ഡ്രൈനേജ് സൗകര്യം കൂടി ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് കരാറുകമ്പനി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.