കൂരിയാട് ദേശീയപാത ഇടിയാൻ കാരണം നിർമ്മാണത്തിന് മുമ്പുള്ള മണ്ണിന്‍റെ ശേഷി പരിശോധിക്കുന്നതിലെ വീഴ്ചയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. നിർമ്മാണ കമ്പനിയെയും കൺസൾട്ട‌ന്‍റ് കമ്പനിയെയും വിലക്കി. രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. കേന്ദ്രം നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കും.

ദേശീയപാത ഇടിഞ്ഞു താഴുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കൂരിയാട്ടെ നിർമ്മാണം ആരംഭിക്കും മുമ്പ്  ഭൂമിയുടെ സ്ഥിതി തിരിച്ചറിയുന്നതിലും  മണ്ണിന്‍റെ താങ്ങാനുള്ള ശേഷി  മെച്ചപ്പെടുത്തുന്നതിലും ഉണ്ടായ വീഴ്ചയാണ് പാത ഇടിയുന്നതിന് കാരണമായതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. വീഴ്ച വ്യക്തമായതോടെ കരാറുകാരായ കെഎന്‍ആര്‍ കൺസ്ട്രക്ഷൻസിനെയും  കൺസൾട്ടന്‍റ് കമ്പനി ഹൈവേ എൻജിനീയറിങിനെയും സർക്കാർ വിലക്കി. തുടർകരാറുകളിൽ ഇരു കമ്പനികള്‍ക്കും പങ്കെടുക്കാനാവില്ല.

പ്രോജക്ട് മാനേജർ എം അമർനാഥ് റെഡ്ഡിയും കൺസൾട്ടന്‍റ് ടീം ലീഡർ രാജ്കുമാറുമാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥര്‍‍. കൂരിയാട് പാത ഇടിഞ്ഞതിന് തൊട്ട് പിന്നാലെ വിഷയം പരിശോധിക്കാന്‍ ഡൽഹി ഐഐടി മുൻ പ്രൊഫ.  ജി.വി.റാവുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 21 ന് സംഘത്തിലെ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. സംഘം പ്രാഥമിക കണ്ടെത്തലുകള്‍ സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിശദമായ റിപ്പോർട്ട് ഉടന്‍ സമർപ്പിക്കും. 

കേരളത്തിലെ മറ്റ് പദ്ധതികളിൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേങ്ങളും സംഘം തയ്യാറാക്കും.  നിലവിലെ നീക്കങ്ങള്‍ മൂലം തുടർ നിർമ്മാണം അനന്തമായി നീണ്ടുപോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതികളുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ള എംപിമാര്‍ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The collapse of the national highway at Kooriyad was caused by failure to assess soil strength before construction, according to the Union Ministry of Road Transport. The construction company and consultant have been blacklisted, and two officials were suspended. Based on the expert panel report, new guidelines will be issued to prevent similar incidents.