ദേശീയപാത പലയിടത്തും പൊളിയാന്‍ തുടങ്ങിയെങ്കിലും പാതയുടെ ക്രെഡിറ്റ് എടുക്കാന്‍ മല്‍സരിച്ച സി.പി.എമ്മിനും ബിജെപിക്കും അനക്കമില്ല. പിതൃത്വം അവകാശപ്പെട്ടവരെ ഇപ്പോള്‍ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു. ഒന്നല്ല, മൂന്നിടത്താണ് രണ്ടുദിവസത്തിനിടെ ദേശീയപാത തകര്‍ന്നത്. മഴക്കാലം ശക്തിപ്പെടാനിരിക്കെ പലയിടത്തും അപകടഭീഷണി നിലനില്‍ക്കുന്നു.
ദേശീയപാത വികസനം സര്‍ക്കാരിന്റെ വലിയ നേട്ടമായി പ്രഖ്യാപിച്ചവര്‍ നിര്‍മാണത്തിലെ വീഴ്ചയുടെ ഉത്തവാദിത്തവും ഏറ്റെടുക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. പാത തകര്‍ന്നത് വേങ്ങര പഞ്ചായത്ത് 23 ാം വാര്‍ഡ് മെമ്പറുടെ മാത്രം ഉത്തരവാദിത്തമാണെന്ന് എഫ് ബിയില്‍ പരിഹാസ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.
പിതൃത്വം അവകാശപ്പെട്ടവരെ ഇപ്പോള്‍ കാണാനില്ലല്ലോയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരിഹാസം. സംസ്ഥാന സര്‍ക്കാരിന് നാലാം വാര്‍ഷികത്തില്‍ ലഭിച്ച സമ്മാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു. ഫ്ലക്്സ് വച്ചവര്‍ ആരും ഇപ്പോഴില്ല. സര്‍ക്കാര്‍ കടത്തില്‍ മുങ്ങി നില്‍ക്കുമ്പോളാണ് വാര്‍ഷികത്തിന്റെ പേരില്‍ ധൂര്‍ത്ത് നടത്തുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റ ഇച്ഛാശക്തികൊണ്ട് ദേശീയപാത യാഥാര്‍ഥ്യമായതെന്ന് അവകാശപ്പെടുന്ന ബി ജെ പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊളിഞ്ഞഭാഗം കേന്ദ്രഫണ്ടുകൊണ്ട് നിര്‍മിച്ചതാണെന്നും അതല്ല, സംസ്ഥാന സര്‍ക്കാരിന്റ പണമാണെന്നും ഒക്കെ പറഞ്ഞ് സമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയും പരിഹാസവും നിറയുകയാണ്.