കാളികാവിലെ നരഭോജി കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡി.എഫ്.ഒ നൽകിയ കത്ത് വനംവകുപ്പ് തള്ളിയതാണ് ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കടുവ ദൗത്യം മന്ദഗതിയിലായാൽ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
രണ്ടുമാസം മുമ്പ് കരുവാരകുണ്ടിൽ കണ്ട കടുവയെ പിടികൂടാൻ കൂടു വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് അടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡിന് കത്തു നൽകിയത് ഒന്നല്ല... രണ്ടുവട്ടം. കത്തിന് കൃത്യമായ മറുപടി പോലും നൽകാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ മൗനം പാലിച്ചുവെന്നാണ് കാളികാവ് ഗ്രാമപഞ്ചായത്ത് പറയുന്നത്.
കടുവ ദൗത്യത്തിനിടെയുള്ള സ്ഥലംമാറ്റത്തിൽ സിപിഎം നേതൃത്വത്തിനു പോലും അതൃപ്തിയുണ്ടെന്നാണ് വിവരം. ഡി.എഫ്.ഒയുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ കടുവ ദൗത്യം ദൗത്യത്തിൽ വീഴ്ച ഉണ്ടായാൽ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
കടുവാ ഭീതിയിൽ മലയോരത്തെ മിക്ക റബ്ബർ തോട്ടങ്ങളിലും ടാപ്പിംഗ് നിർത്തിയിട്ടുണ്ട്. കടുവയെ പിടികൂടുകയാണെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.