സംസ്ഥാനത്ത് അതി തീവ്രമഴക്കുള്ള മുന്നറിയിപ്പ്. നാലുജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്നു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കാലവര്‍ഷം നാലു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയുമായി അറബിക്കടലിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് മഴ വ്യാപിക്കും. കഴിഞ്ഞ 24 മണിക്കൂറില്‍ തൃശൂര്‍ ജില്ലയിലെകുന്നംകുളത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 22 സെന്‍റി മീറ്റര്‍. കണ്ണൂരില്‍ 18, തലശേരിയില്‍ 17, ഇരിഞ്ഞാലക്കുടയില്‍ 16, പൊന്നാനിയില്‍ 12 സെന്‍റി മീറ്റര്‍ വീതം മഴ ലഭിച്ചു. കേരള തീരത്തു നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തുമെന്ന് അറിയിപ്പ്. കാലവര്‍ഷം എത്തുന്നതിന് മുന്നെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയാണ്. വടക്കന്‍ കേരളത്തില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി മുതല്‍ രാവിലെ വരെ മഴ പെയ്തതോടെ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനും കോട്ടൂളിയും വെള്ളത്തില്‍ മുങ്ങി. ഇരുചക്രവാഹനങ്ങള്‍ വെള്ളം കയറി നിന്നു. രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും അസാധ്യമായി.
നാദാപുരം ചെക്യാട് ഇടിമിന്നലേറ്റ് വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വളയത്ത് മിനിസ്റ്റേഡിയത്തിന്‍റെ മതില്‍തകര്‍ന്നു. കൊയിലാണ്ടിയില്‍ കടലില്‍ പോയ മല്‍സ്യബന്ധന വള്ളം തകര്‍ന്നു. തൊഴിലാളികളെ രക്ഷപ്പെടുത്തി. കോട്ടയം തീക്കോയി പഞ്ചായത്തിലെ മാര്‍മല അരുവിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. തലശേരി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കടകളില്‍ വെള്ളം കയറി. തൃശൂര്‍ ചാവക്കാട് വൈദ്യുതി കാല്‍ പൊട്ടി വീണ് അപകടമുണ്ടായി.
കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറി. അപ്രതീക്ഷിതമായുണ്ടായ വെള്ളക്കെട്ടില്‍ ജനങ്ങള്‍ ദുരിതത്തിലായി. ചെളികൂടി അടിഞ്ഞതോടെ പ്രദേശവാസികള്‍ക്ക് വീടുകളില്‍ തുടരാനാവാത്ത അവസ്ഥയാണ്.