കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ല കലക്ടർക്ക് ചീഫ് സെക്രട്ടറി എ ജയതിലക്ക് നിർദേശം നൽകി.തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും പൊലീസും അഗ്നനി ശമന സേനയും കെട്ടിടത്തിൽ വിശദ പരിശോധന നടത്തി.ആശാസ്ത്രീയമായ നിർമാണം തീ ആളി പടരാൻ കാരണമായിയെന്നാണ് അഗ്നിശമന സേനയുടെ കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും വ്യക്തത വരണമെങ്കില്‍ ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവരണമെന്നും ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു.
ഗുരുതര നിയമലംഘനങ്ങൾ നടത്തിയാണ് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതെന്ന് വ്യക്തം. തീ ആളി പടരാൻ കാരണം അശാസ്ത്രീയ നിർമാണമാന്നെന്ന് അഗ്നി ശമന സേന ഉറപ്പിക്കുമ്പോൾ തീ പിടിക്കാനുളള കാരണമാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് പരിശോധിക്കുന്നത്. അട്ടിമറി അടക്കം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാനാണ് കസബ പൊലീസ് കേസ് റജിസ്റ്റർ അന്വേഷണം നടത്തുന്നത്.
8 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പൊലീസിന്‍റെ പ്രാഥമിക കണക്ക്. എന്നാൽ 75 കോടിയിലധികം നഷ്ടമുണ്ടായതായാണ് വ്യാപാരികൾ പറയുന്നത്. ഒരാഴ്ചത്തേക്ക് താഴത്തേ നിലയിലെ കടകൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും പൊലീസ് കച്ചവടക്കാർക്ക് നിർദേശം നൽകി. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണം കോൺഗ്രസ് ആവശ്യപ്പെട്ടു.
അഞ്ചാം മണിക്കൂറിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തുണി ഗോഡൗണിലെ തീ പുലർച്ചെ മൂന്ന് മണിക്കാണ് പൂർണമായും കെടുത്തിയത് .കരിപ്പൂർ വിമാനത്താവളത്തിലെ ക്രാഷ് ടെഡറും ടോപ് പമ്പിംങ്ങുമാണ് തീ കെടുത്താൻ സഹായകരമായത്.