കോഴിക്കോട് തീപിടിത്തം ഉണ്ടായ പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്തുകൊടുത്തത് കോര്‍പറേഷന്‍. വര്‍ഷങ്ങളായി സി പി എം ഭരിക്കുന്ന കോര്‍പറേഷനില്‍ ആര് മേയറായിരിക്കുമ്പോഴാണ് അനുമതി നല്‍കിയതെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. തന്‍റെ കാലത്തല്ലെന്ന് പറയുന്ന മുന്‍ മേയര്‍ കൂടിയായ തോട്ടത്തില്‍ രവീന്ദ്രന്‍ MLA അനധികൃതമായി കെട്ടിയടച്ച വരാന്തയ്ക്ക് ഉള്‍പ്പെടെ കോര്‍പറേഷന്‍ വാടക വാങ്ങുന്നുണ്ടെന്നും വെളിപ്പെടുത്തി..
ജില്ലയെ ഒന്നാകെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു ബഹുനില കെട്ടിടം നിന്നു കത്തിയത് അഞ്ചുമണിക്കൂറാണ്. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിന്റെ അകത്തേക്ക് വെള്ളം എത്തിക്കാൻ മണിക്കൂറുകൾ പ്രയത്നിക്കേണ്ടി വന്നു. കെട്ടിടം അനധികൃതമായി കെട്ടി അടച്ചത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി ഇത്രയും വലുതായതെന്ന് നഗരത്തിന്റെ മുൻമേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മനോരമ ന്യൂസിനോട് തുറന്നു സമ്മതിച്ചു.
ആരാണ് വാടകകാർക്ക് ഇതുപോലെ നിർമ്മാണം നടത്താൻ അനുമതി നൽകിയതെന്ന് അറിയില്ലെന്നും എംഎൽഎ പറയുന്നു. നിലവിലെ ഭരണസമിതി ഒരു അനുമതിയും നൽകിയിട്ടില്ലെന്നാണ് മേയറുടെ നിലപാട്. അനധികൃത നിർമ്മാണം ആണെന്ന് ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ടും കോർപ്പറേഷൻ മുന്നിൽ എത്തിയിട്ടില്ലെന്നും മേയർ. വരാന്ത അടക്കം കെട്ടി അടച്ചു കൊണ്ട് എമർജൻസി എക്സിറ്റുകൾ ഒഴിവാക്കി കൊണ്ടുള്ള നിർമ്മാണം പ്രത്യക്ഷത്തിൽ തന്നെ നിയമവിരുദ്ധമാണെന്ന് മനസ്സിലായിട്ടും എന്തടിസ്ഥാനത്തിലാണ് വാടകക്കാരിൽ നിന്ന് വലിയ തുക നികുതി വാങ്ങി കോർപ്പറേഷൻ പ്രവർത്തന അനുമതി നൽകിയതെന്നാണ് ഇനി അറിയേണ്ടത്.