തിരുവന്തപുരത്ത് ദലിത് യുവതി ബിന്ദുവിനെ മോഷണക്കേസില്‍ കുടുക്കിയ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് അന്വേഷണവും നടപടിയും. ജിഡി ചാര്‍ജുള്ള പൊലീസുകാരനെ സ്ഥലംമാറ്റും . ഗുരുതരവീഴ്ച സ്ഥിരീകരിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടും . പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാതെയാണ് ബിന്ദുവിനെ പ്രതിയാക്കിയത്. അനാവശ്യമായി ബിന്ദുവിനെ ദേഹ പരിശോധനയും നടത്തി. മോഷണം നടന്നത് ഏപ്രില്‍ 18 നാണ്. പരാതി വന്നത് 23 നും. വൈകിവന്ന പരാതി ആയിട്ടും വീട് പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാലമോഷ്ടിച്ചെന്ന കളളപരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍വച്ച പേരൂര്‍ക്കട പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായി.. മോഷണം നടന്നു എന്നുറപ്പാക്കാതെയും മോഷണം നടന്ന സ്ഥലം പരിശോധിക്കാതെയും പ്രതിയെ തീരുമാനിച്ചതാണ് ഒന്നാമത്തെ നിയമലംഘനം. സ്ത്രീകളെ രാത്രിയില്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ഭക്ഷണം പോലും നിഷേധിച്ചത് ക്രൂരമായ മനുഷ്യാവകാശലംഘനം കൂടിയായിരുന്നു.
ബിന്ദു നേരിട്ട ക്രൂരപീഡനം മനോരമ ന്യൂസ് പുറംലോകത്തെത്തിച്ചതിന് പിന്നാലെയാണ് പൊലീസും സര്‍ക്കാരും ഗതികെട്ട് അന്വേഷണം പ്രഖ്യാപിച്ചത്. പീഡനം നടന്ന് 25 ാം ദിവസമാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. മനോരമ ന്യൂസിന് നന്ദിയെന്ന് ബിന്ദു പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും പ്രശ്നം പരിഹരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ.ആര്‍.കേളുവും പറഞ്ഞു.പൊലീസ് ഭരണത്തിന്‍റെ നേര്‍സാക്ഷ്യമാണ് ബിന്ദുവിന്‍റെ അനുഭവമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.