kozhikode-fireN

TOPICS COVERED

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഹോള്‍സെയില്‍ കടയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വൈകീട്ട് അഞ്ചുമണിയോ‌ടെയാണ് തീ പടര്‍ന്നത്. ഉള്ളിലെ തീ പൂര്‍ണമായും കെടുത്താനായിട്ടില്ല. കാലിക്കറ്റ് ടെക്സ്റ്റൈല്‍സും ഗോഡൗണും കത്തി നശിച്ചു. ആളപായമില്ല . 

മൂന്നുനില കെട്ടിടത്തിന്‍റെ രണ്ടും മൂന്നും നിലകളിലാണ് തീ പിടിച്ചത്. കറുത്ത പുക മൂടിയ നിലയിലാണ് നഗരം. കെട്ടിടത്തിനുള്ളില്‍ കയറി തീയണയ്ക്കാന്‍ ശ്രമം  നടത്തുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ  അഗ്നിരക്ഷാസേനയുമെത്തി. പതിനഞ്ച് യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത് . 

തീ അണയ്ക്കുന്നതിന് പ്രധാന ബുദ്ധിമുട്ടായത് കെട്ടിടത്തിന്‍റെ നിര്‍മിതിയെന്ന് അഗ്നിരക്ഷാസേന അംഗങ്ങള്‍ പറഞ്ഞു. അകത്തേയ്ക്ക് കടക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഷട്ടറുകളും ഗ്ലാസുകളും  പൊളിച്ചാണ് അകത്ത് കയറിയത്. തീ പിടിത്തമുണ്ടായാല്‍ അണയ്ക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം നിര്‍മാണം. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളില്ലായിരുന്നെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം.അഷ്റഫലി പറഞ്ഞു. നാലുഭാഗത്തുനിന്നും കെട്ടി അടച്ച നിലയിലായിരുന്നു സ്ഥാപനം. ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഗോഡൗണില്‍നിന്നും പുറത്തുകടക്കാനുള്ള വാതില്‍ ഇടുങ്ങിയതായിരുന്നു. കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റ് ലഭ്യമായിരുന്നില്ല. നാളെ വിശദപരിശോധന നടത്തിയ ശേഷം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമീപത്തെ മരുന്ന് ഗോഡൗണിലേക്കും തീ പ‌ടര്‍ന്നു. ഗോഡൗണിന് മുമ്പിലെ ഫൈബര്‍ ഗ്ലാസ് തകര്‍ത്ത് ഉള്ളിലേയ്ക്ക് വെള്ളം ചീറ്റിച്ചു. മണ്ണുമാന്തിയെന്ത്രമെത്തിച്ച് കെട്ടിടങ്ങളുടെ ഭിത്തികള്‍ തകര്‍ത്തു . 

തീ പിടിത്തതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുമെന്ന് കലക്ടര്‍ സ്നേഹില്‍കുമാര്‍ പറഞ്ഞു. അതേസമയം, കെട്ടിടത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്ന് കച്ചവടക്കാര്‍ ആരോപിച്ചു. ആദ്യമണിക്കൂറില്‍ തീ അണയ്ക്കുന്നതില്‍ വീഴ്ചയുണ്ടായി. വീഴ്ചകള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Textile shop, godown gutted in Kozhikode fire