വീട്ടുജോലിക്കാരി മാല മോഷ്ടിച്ചെന്ന ഉടമയുടെ കള്ളപ്പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട ദലിത് സ്ത്രീ 20 മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ചുള്ളിമാനൂർ സ്വദേശിയായ ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു.
അമ്പലമുക്കിലെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കുറ്റം തന്റെ പേരിൽ ചാർത്തപ്പെട്ട കാര്യം ബിന്ദു അറിയുന്നത്. അപ്പോൾ സമയം ഏപ്രിൽ 23 ന് വൈകിട്ട് 4 മണി. താൻ കള്ളിയല്ലെന്ന് വീട്ടുടമസ്ഥയുടെടേയും പൊലീസുകാരുടേയും കാലു പിടിച്ചു പറഞ്ഞു ബിന്ദു. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. രാത്രിയായയോടെ ആട്ടുകാലിലെ വീട്ടിൽ കാത്തിരിക്കുന്ന പെൺ മക്കളെയോർത്ത് ബിന്ദു കുറ്റമേറ്റു.
രാത്രിയായിട്ടും വീട്ടിലെത്താത്ത ബിന്ദുവിനെ തിരഞ്ഞിറങ്ങിയ വീട്ടുകാർ മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പൊലീസ് വീട്ടിലേയ്ക്കെത്തിയപ്പോൾ മാത്രമാണ് വിവരമറിയുന്നത്. തിരികെ സ്റ്റേഷനിലെത്തിച്ച ബിന്ദു വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞു. രാത്രിമുഴുവൻ മാലക്കള്ളിയെന്ന വിളിയും കേട്ട് സ്റ്റേഷനിൽ.
രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെ ബിന്ദുവിനെ വിട്ടയയ്ക്കാൻ തീരുമാനിച്ചു. എന്നാൽ മാല കിട്ടിയ കാര്യം മറച്ചുവച്ച് കവടിയാറിലോ പരിസരത്തോ കണ്ടു പോകരുതെന്നായിരുന്നു എസ് ഐ യുടെ ഭീഷണി. വീണ്ടും ജീവിത പ്രാരാബ്ദങ്ങളോട് പൊരുതിത്തുടങ്ങിയ ബിന്ദു ആ മാല കിട്ടിയില്ലായിരുന്നുവെങ്കിൽ തന്റെ പെൺമക്കൾ എക്കാലവും മാലക്കള്ളിയുടെ മക്കളെന്ന് വിളിക്കപ്പെടുമായിരുന്നുവെന്ന് നെടുവീർപ്പെടുന്നു.