clt-fire

TOPICS COVERED

കോഴിക്കോ‌ട് പുതിയ ബസ് സ്റ്റാന്‍ഡിന്  സമീപത്തെ തുണിക്കടയ്ക്ക് തീപിടിച്ചു. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന കടയ്ക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമായിട്ടില്ല. കടയും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു. ഹോള്‍സെയില്‍ കടയാണ് കത്തിയത്. യൂണിഫോം ഉള്‍പ്പെടെ ധാരാളം സ്റ്റോക്കുണ്ടായിരുന്നതായി ജീവനക്കാരന്‍‌ പറയുന്നു. 

സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടക്കുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതം തടസപ്പെട്ടു. പുക ഉയര്‍ന്നപ്പോള്‍തന്നെ കെട്ടിടത്തിലുള്ളവരെയെല്ലാം പുറത്തിറക്കി. സമീപത്തെ ബസ് സ്റ്റാന്‍ഡില്‍നിന്ന് എല്ലാ സ്വകാര്യ ബസുകളും മാറ്റി. സമീപത്തെ കടകളെല്ലാം ഒഴിപ്പിച്ചു. പ്രദേശത്തു കനത്ത ജാഗ്രത തുടരുന്നു. സമീപത്തെ കടകളിലേക്കും തീപടര്‍ന്നു. കോഴിക്കോട് നഗരമാകെ പുക നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഉള്ളിലും പുറത്തും തീ ആളിക്കത്തുകയാണ്. താഴത്തെ നിലയിലേക്കും തീ പടര്‍ന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. രാസവസ്തുക്കള്‍ ഉപയോഗിച്ച് തീ കെടുത്താനുള്ള സംവിധാനം ഉപയോഗിക്കുന്നു. തീ കെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്.പി. ടി.നാരായണന്‍ പ്രതികരിച്ചു. കടയിലെ എസിയിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുക ഏറെ പ്രയാസകരമാണ്. 

ഗ്ലാസ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കാന്‍ അഗ്നിരക്ഷാസേനയുടെ തീവ്രശ്രമം നടക്കുന്നു. ഓക്സിജന്‍ മാസ്ക് ഉപയോഗിച്ച് അകത്ത് കയറാനാണ് ശ്രമം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിന് മുന്നിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അഗ്നിരക്ഷാസേനയുടെ വണ്ടികള്‍ മാത്രമാണ് കടത്തിവിടുന്നത്

ENGLISH SUMMARY:

Fire breaks out at a clothing store near the new bus stand in Kozhikode