സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടത്തിലെ നാഴികക്കല്ലുകളിലൊന്നായ് കൊച്ചി വാട്ടർ മെട്രോ. ലോക ഭൂപടത്തിൽ കൊച്ചിയെ കൂടുതൽ സുന്ദരമാക്കിയതിനൊപ്പം, അനേകർക്ക് സുഖയാത്രയും പ്രധാനം ചെയ്യുകയാണ് വാട്ടർ മെട്രോ. രണ്ടാം എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികം ആഘോഷിക്കുമ്പോൾ സർക്കാരിന്‍റെ കീർത്തിക്കൊപ്പം കൊച്ചിയ്ക്ക് ചന്തവും ചാർത്തുന്നു വാട്ടർ മെട്രോ.
ലോക ശ്രദ്ധയും പിടിച്ചുപറ്റിയാണ് കൊച്ചി വാട്ടര്‍മെട്രോയുടെ മുന്നേറ്റം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷത്തിലധികം യാത്രക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍ മെട്രോ സര്‍വ്വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഈ ജലഗതാഗത സംവിധാനം കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും, റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വ്വഹണവും അതുല്യമായ സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിൽ 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് ഉണ്ട്. 2023 ഏപ്രില്‍ 25 നാണ് കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ചത്.