വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വനം വകുപ്പിന്റെ സമീപനത്തിൽ തെറ്റായ പ്രവണതകളുണ്ടെന്നും സർക്കാർ ഇക്കാര്യം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനീഷ് കുമാര്‍ എം.എല്‍.എ വനം ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കോന്നി എം.എൽ.എ ജനീഷ് കുമാറിനെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സമിതി അംഗം കെ.പി. ഉദയഭാനു മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിഫോം ഊരിയാൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാമെന്നും പിണറായി വിജയന് ഇല്ലാത്ത സ്നേഹം വനംവകുപ്പിന് വേണ്ടെന്നും ചിറ്റാർ ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ പ്രസംഗിച്ചു.
അതേസമയം, എം.എൽ.എയെ പരിഹസിച്ച് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായി. വനം വകുപ്പ് പിരിച്ചുവിടണമെന്നും ആനയെ ഷോക്കടിപ്പിച്ചും കടുവയെ വെടിവെച്ചും പുലി അടക്കമുള്ള ജീവികളെ ചുട്ടുകൊല്ലാനും അണികൾക്ക് നിർദ്ദേശം നൽകണമെന്നും എം.എൽ.എ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണമെന്നും പരിഹാസ പോസ്റ്റിൽ പറയുന്നു. എന്നാൽ, ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞ കൈതത്തോട്ടം പാട്ടത്തിനെടുത്തയാളുടെ സഹായിയെ കസ്റ്റഡിയിലെടുത്തത് നിയമപരമാണോ എന്ന് ചോദിച്ചാണ് കഴിഞ്ഞ ദിവസം എം.എൽ.എ ഫോറസ്റ്റ് ഓഫിസില്‍ എത്തിയത്. എം.എൽ.എയ്ക്കാണ് വീഴ്ചയെന്നാണ് ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കമലാഹറിന്റെ റിപ്പോർട്ട്. എം.എൽ.എ വളരെ മോശമായി പെരുമാറിയെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റേഞ്ച് ഓഫീസറെ 'എടാ പോടാ' എന്ന് വിളിച്ചാണ് തട്ടിക്കയറിയതെന്നും കോന്നി ഡി.വൈ.എസ്.പി. രാജപ്പൻ റാവുത്തറും സ്ഥലത്തുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എയുടെ സഹായി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാട്ടാന ഷോക്കേറ്റു മരിച്ച സംഭവത്തിലെ അന്വേഷണം എം.എൽ.എയുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടെന്നും വനം മന്ത്രിക്കുള്ള റിപ്പോർട്ടിൽ പറയുന്നു.