റോഡിൽ ഉണ്ടായ നിസാര തർക്കം ജീവനെടുത്ത ഐവിൻ ജിജോയ്ക്ക് യാത്രാമൊഴി ചൊല്ലി അങ്കമാലി, തുറവൂർ ഗ്രാമം. നൂറുകണക്കിനാളുകളുടെ പ്രാർത്ഥനകളുടെ നടുവിലാണ് ഐവിന്റെ സംസ്കാര ശുശ്രൂഷകൾ നടന്നത്. മരണവിവരം അറിഞ്ഞപ്പോൾ മുതൽ, ഐവിന്റെ വീട്ടിലേക്ക് ഓടി എത്തിയിരുന്നു പ്രിയപ്പെട്ടവർ. പോസ്മോട്ടത്തിനുശേഷം ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേയ്ക്കും തുറവൂർ ഗ്രാമമൊന്നാകെ വീട്ടിൽ നിറഞ്ഞു.
തെരുവുനായ്ക്കളെ ഭയന്ന്, ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകാൻ മകനെ സമ്മതിക്കാതെ കാർ കൊടുത്തയച്ച ഒരു അമ്മ. ആ കാർ ഉരസിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മകൻ ക്രൂരമായി കൊല്ലപ്പെട്ടു എന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല. ഉള്ളിൽ കരഞ്ഞു തളർന്നിട്ടും, മരണവീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സൗകര്യങ്ങൾ ഉണ്ടാക്കാൻ ഓടിനടന്നു അച്ഛൻ. സുഹൃത്തിന്റെ തോളിൽ ചാഞ്ഞുകിടന്ന് ചേട്ടനെ നോക്കുകയാണ് പെങ്ങൾ. കാണാൻ എത്തിയവർ, കരഞ്ഞു മടങ്ങി.
എല്ലാവരുടെയും കൂടെ, ഉച്ചയ്ക്ക് മൂന്നുമണിക്ക് ഐവിൻ തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലേക്ക്. മകനെ ചേർത്തുപിടിച്ച് പള്ളിയങ്കണത്തിൽ അങ്ങനെ അമ്മയിരുന്നു. പിന്നെ സെമിത്തേരിയിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യത്തിൽ പ്രതിഷേധിച്ച് തുറവൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.