തീപിടുത്തമുണ്ടായ തിരുവല്ല പുളിക്കീഴ് മദ്യ സംഭരണ കേന്ദ്രത്തിൽ ഇതുവരെയും തീ പൂർണമായി അണഞ്ഞിട്ടില്ല. പ്രദേശത്താകെ മദ്യത്തിന്‍റെ ഗന്ധം രൂക്ഷമാണ്. അതേസമയം ജവാന്‍റെ ഉത്പാദനം പുനരാരംഭിക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് അധികൃതർ അറിയിച്ചു.
തീപിടുത്തമുണ്ടായി രണ്ടുദിവസം പിന്നിട്ടിട്ടും മദ്യ സംഭരണ കേന്ദ്രത്തിൽനിന്ന് പുക ഉയരുകയാണ്. ഇടയ്ക്ക് പൊട്ടിത്തെറിയുമുണ്ട്. പ്രദേശത്താകെ വ്യാപിച്ചിരിക്കുന്ന മദ്യത്തിന്‍റെ മണം സമീപത്തെ വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാകുന്നു.
പ്രീമിയം ബ്രാൻഡുകളുടെ ഉൾപ്പെടെ ആറു കോടിയോളം രൂപയുടെ മദ്യം നശിച്ചെന്നാണ് വിലയിരുത്തൽ. പൂർണ്ണമായും തകർന്ന കെട്ടിടത്തിലവശേഷിക്കുന്ന മദ്യം സംരക്ഷിക്കാൻ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
സീൽ പതിക്കാൻ വിവിധ ഇടങ്ങളിൽ നിന്ന് മദ്യവുമായി എത്തിയ ലോറികളും പ്രദേശത്ത് രണ്ടുദിവസമായി തമ്പടിച്ചിരിക്കുകയാണ്. സമീപത്ത് പ്രവർത്തിക്കുന്ന ജവാൻ നിർമാണ ശാല ഉടൻ തുറന്നു പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല.