beylin-dascourt

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍  അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയിലിന്‍ ദാസ് ജയിലില്‍. നീതി ലഭിച്ചെന്ന് മര്‍ദനമേറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശ്യാമിലിയും മര്‍ദിച്ചെന്ന വാദിച്ച ബെയിലിന്‍ പരുക്കേറ്റെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

മൂന്ന് ദിവസം മുന്‍പ് വരെ കറുത്ത കോട്ടിട്ട്  വാദിക്കാന്‍ കോടതിയിലെത്തിയിരുന്ന ബെയിലിന്‍ ദാസ് ഇന്ന് കോടതി കയറിയത് പൊലീസ് വലയത്തില്‍. പിന്തുണയുമായി അഭിഭാഷകനിരയും ജാമ്യാപേക്ഷയുമായി മുതിര്‍ന്ന അഭിഭാഷകനും ബെയിലിന് വേണ്ടി അണിനിരന്നു. പുരികത്തില്‍ മുറിവും ചെവിയില്‍ അണുബാധയുമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയ പ്രതിഭാഗം ബെയിലിനും മര്‍ദനമേറ്റെന്ന് വാദിച്ചു. ശ്യാമിലി പ്രോകിപിപ്പിച്ചപ്പോഴുണ്ടായ സംഘര്‍ഷമാണെന്നും അതിനാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന ജാമ്യമില്ലാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വാദം. വാദം രേഖപ്പെടുത്തിയെങ്കിലും ജാമ്യം കൊടുത്താല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി 27 ാം തീയതി വരെ റിമാന്‍ഡ് ചെയ്തു. അതോടെ ബെയിലിന്‍ പൂജപ്പുര ജില്ലാ ജയിലില്‍.

ഇതോടെ താനാണ് ശരിയെന്ന് തെളിഞ്ഞെന്ന് ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിന്‍ പ്രതികരിച്ചു. അതിനിടെ ബെയിലിന്‍ മൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞത് തിരുവനന്തപുരത്ത് തന്നെയാണ്. പള്ളിത്തുറയിലെ സുഹൃത്തിന്‍റെ വീട്ടിലെന്നാണ് മൊഴി. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Bailin Das, the accused in the lawyer assault case, is not granted bail.