പ്രവാസമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് സൈനുല്‍ ആബിദീന് മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയിലെ അംഗത്വം. ദേശീയ വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളാണ് സൈനുല്‍ ആബിദീന്‍. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെ കാലമായി പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ആളാണ് ഇദ്ദേഹം.
ടിക്കറ്റിന് പൊള്ളും റേറ്റ്
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ഒന്നാണ് വിമാനടിക്കറ്റ് നിരക്കിലെ കൊള്ള. പ്രത്യേകിച്ച് ഉല്‍സവ സീസണ്‍ സമയങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിച്ചത് സൈനുല്‍ ആബിദീന്‍ ആണ്. കേസിന്‍റെ വിചാരണ പുരോഗമിക്കുകയാണ്. എംപിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഇക്കാര്യത്തില്‍ കത്തയക്കുകയും ചെയ്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി പാര്‍ലമെന്‍റില്‍ ആവശ്യമുന്നയിച്ചപ്പോഴും ആധാരമായി മുന്നോട്ട് വച്ചത് സൈനുല്‍ ആബിദീന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ്. കേസില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതിക്ഷയിലാണ് ലീഗ്.
പ്രവാസികള്‍ക്ക് വോട്ടവകാശം, വാഗ്ദാനം മാത്രം
മാറി മാറിവരുന്ന സര്‍ക്കാരുകള്‍ നിരന്തരം നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പ്രവാസികളുടെ വോട്ടവകാശം. പ്രവാസികള്‍ക്ക് അവര്‍ നില്‍ക്കുന്ന രാജ്യത്ത് നിന്ന് തന്നെ എങ്ങനെ വോട്ടവകാശം വിനിയോഗിക്കാമെന്നും ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാമെന്നുള്ളതിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും സൈനുല്‍ ആബിദീനും ലീഗും മുന്‍പന്തിയില്‍ നിന്നു.
ജിസിസിയില്‍ യൂണിവേഴ്സ്റ്റിയും ബജറ്റില്‍ പ്രത്യേക പരിഗണനയും
വിദേശരാജ്യങ്ങളില്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ തുടങ്ങണമെന്ന ആവശ്യമാണ് മറ്റൊന്ന്. വിദേശകാര്യമന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. അനുകൂല നടപടിയിതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രവാസികളുടെ വിഷയത്തിലുള്ള നിരന്തര ഇടപെടലാണ് ലീഗിന്‍റെ ഉന്നത നേതൃത്വത്തിലേയ്ക്ക് എത്തിച്ചേരാന്‍ സൈനുല്‍ ആബിദീനെ സഹായിച്ചത്.