കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ പിഴവിലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളാന്‍ പൊലീസ് തീരുമാനം. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്ലിനിക്കിന് പിഴവില്ലെന്ന നിഗമനത്തിലെത്താനാവില്ലെന്ന് വിലയിരുത്തല്‍. തുടര്‍നടപടിക്ക് നിയമോപദേശം തേടാനും തീരുമാനം.
ക്ലിനിക്കുകാരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങള്‍ നല്‍കി ശസ്ത്രക്രിയക്ക് വിധേയയായ യുവതി 9 വിരലുകള്‍ മുറിച്ചുമാറ്റേണ്ട ഗതികേടിലായിട്ട് രണ്ട് മാസമായി. ഇരട്ടക്കുട്ടികളുടെ അമ്മയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ നീതുവിന്‍റെ ഇനിയുള്ള ജീവിതം ചോദ്യചിഹ്നമായി ഇപ്പോഴും തുടരുന്നു. അപ്പോഴും ക്ലിനിക്കിനോ ഡോക്ടര്‍ക്കോ വീഴ്ചയെന്ന് സമ്മതിക്കാതെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.
യുവതിക്ക് സംഭവിച്ച ദുരന്തത്തിന് കാരണം എന്താണെന്ന് പോലും റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. ശസ്ത്രക്രിയയുടെ പിറ്റേദിവസം അസഹനീയമായ ക്ഷീണത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ അടിയന്തരമായി തുടര്‍ചികിത്സ നല്‍കാതിരുന്നതില്‍ മാത്രമാണ് കഴക്കൂട്ടം കുളത്തൂരിലുള്ള കോസ്മെറ്റിക് ക്ലിനിക്കിനെ മെഡിക്കല്‍ ബോര്‍ഡ് അല്‍പമെങ്കിലും കുറ്റപ്പെടുത്തുന്നത്.
ഇന്നലെ റിപ്പോര്‍ട്ട് പൂര്‍ണമായി പഠിച്ച പൊലീസ്, കൃത്യമായി നിഗമനത്തിലെത്താനാവാത്ത, പല സംശയങ്ങള്‍ക്കും ഉത്തരമില്ലാത്ത റിപ്പോര്‍ട്ടെന്ന് വിലയിരുത്തി. സാധാരണ ഗതിയില്‍ ചികിത്സാ പിഴവ് സംബന്ധിച്ച കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്തിമ നിഗമനത്തിലെത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ അതുവേണ്ടെന്നും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് അന്വേഷണം തുടരാനും തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി തീരുമാനിക്കാന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കഴക്കൂട്ടം എ.സി.പി ജെ.കെ.ദിനില്‍ ഇന്ന് പബ്ലിക് പ്രോസിക്യൂട്ടറുമായി ആശയവിനിമയം നടത്തും. അതിന് ശേഷം വിശദ അന്വേഷണത്തിലേക്ക് കടക്കും.