തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് പിടിയില്‍. ബെയിലിന്‍ ദാസിനെ പൊലീസ് പിടികൂടിയത് തിരുവനന്തപുരം തുമ്പയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെയാണ്.
അതേസമയം, കേസില്‍ അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മനപ്പൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും തര്‍ക്കത്തിനിടയിലാണ് മര്‍ദനമുണ്ടായതെന്നുമാണ് ജാമ്യാപേക്ഷയിലെ വിശദീകരണം. മര്‍ദനമേറ്റ അഭിഭാഷകയേയും കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് അഭിഭാഷകയുടെ കുടുംബം ആരോപിച്ചു. അതിനിടെ ബെയിലിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലിയും വിവാദം മുറുകുകയാണ്.
തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മര്‍ദനം സമ്മതിക്കുമ്പോഴും അത് മനപ്പൂര്‍വമല്ലെന്നും പരസ്പരമുള്ള തര്‍ക്കത്തിനിടെ സംഭവിച്ചതാണെന്നുമാണ് ബെയിലിന്‍റെ വാദം. ബെയിലിനെതിരായ കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുമാത്രമാണ് ജാമ്യം കിട്ടാത്തതായുള്ളത്. അതുകൊണ്ട് തര്‍ക്കത്തിനിടെയുണ്ടായ മര്‍ദനം ബോധപൂര്‍വമുള്ള സ്ത്രീത്വത്തെ അപമാനിക്കലല്ലായെന്ന് വാദിച്ച് ജാമ്യം നേടുകയാണ് ബെയിലിന്‍റെ ലക്ഷ്യം.
അതിനിടെ ബെയിലിന്‍ 2015ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പൂന്തുറയിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നൂവെന്ന് വ്യക്തമായി. ഈ സി.പി.എം ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം 2020ല്‍ ബെയിലിന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് സി.പി.എമ്മിന്‍റെ മറുവാദം.