എ.സി ക്ലാസ് മുറികള്‍ മുതല്‍ ലിഫ്റ്റ് വെച്ച കെട്ടിടങ്ങള്‍ വരെയാണ് സര്‍ക്കാര്‍ സ്കൂളുകളുടെ മാറ്റത്തിന്‍റെ കാഴ്ച. വിദ്യാഭ്യാസ രംഗത്തെ വികസനക്കുതിപ്പിന് കാരണമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് കിഫ്ബി വഴി ലഭിച്ച കോടികളാണ്. 973 സ്കൂളുകളുടെ നവീകരണത്തിനായി അയ്യായിരം കോടി രൂപയാണ് പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് അനുവദിച്ചത്.
കേരളത്തിലെ മാറുന്ന സ്കൂളുകളുടെ മുഖത്തിന് ഉത്തമ ഉദാഹരണമാണ് വയനാട് ബത്തേരി സര്‍വജന സ്കൂള്‍. ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ദുരന്തത്തിന് 2019ല്‍ സാക്ഷിയായ സ്കൂളാണിത്. എന്നാല്‍ ഇന്ന് പുതിയ കെട്ടിടവും ക്ലാസ്മുറികളുമായി സ്കൂളാകെ മാറി.
ബാഗും ചുമന്ന് പടികള്‍ കയറുന്ന വിദ്യാര്‍ഥികളുടെ കാഴ്ച ഇന്ന് കേരളത്തിലെ സ്കൂളുകളില്‍ നിന്ന് മായുകയാണ്. പുതിയ കെട്ടിടത്തിന് മൂന്നില്‍ കൂടുതല്‍ നിലയുണ്ടെങ്കില്‍ അവിടെ ലിഫ്റ്റുണ്ടാകും. ഉദാഹരണമാണ് തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മല്‍ സ്കൂള്‍.
ചുട്ടുപൊള്ളുന്ന വേനല്‍കാലത്ത് വിയര്‍ത്തൊലിച്ച് തിങ്ങിക്കൂടിയിരുന്ന ക്ലാസ് മുറികളുടെ കാലത്ത് എ.സി ക്ലാസ് മുറികളാണ്. രാജ്യാന്തര നിലവാരമുള്ള അത്തരം ക്ലാസ് മുറികള്‍ കാണാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്കൂളിലേക്ക് വന്നാല്‍ മതി.
ബ്ലാക്ക് ബോര്‍ഡും ചോക്കും പൊടിയും ഡസ്റ്ററുമെല്ലാം ഇന്ന് സ്കൂളുകളില്‍ നിന്ന് മാറിത്തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്കൂളിലേത് പോലെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ ഇടംപിടിച്ചു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദ്യാഭ്യാസ രംഗത്തെ മാറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന പേരില്‍ നവകേരളം കര്‍മപദ്ധതി തയാറാക്കി. ഇതിനകം 973 സ്കൂളുകള്‍ക്കാണ് കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്.
52,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ടാക്കിയപ്പോള്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരവും ഹയര്‍ സെക്കണ്ടറിയില്‍ നാല്‍പ്പത്തയ്യായിരം ഡിജിറ്റല്‍ ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങി. വരുംനാളുകളിലും കിഫ്ബിയുടെ സഹായത്തോടെ വികസനക്കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്.