കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് വിരലുകൾ നഷ്ടമായ കേസിൽ സ്വകാര്യ കോസ്മെറ്റിക് ആശുപത്രിക്ക് സംരക്ഷണം ഒരുക്കി പൊലീസും ആരോഗ്യവകുപ്പും. വിരലുകൾ നഷ്ടമായ സോഫ്റ്റ്‌വെയർ എൻജിനീയറായ നീതു ഐസിയുവിൽ കിടന്ന് നൽകിയ മൊഴി പൂർണമായും പൊലീസ് രേഖപ്പെടുത്തിയില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ഷിനോൾ ശശാങ്കന് എതിരെ മാത്രമാണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ഡോ.അഖില മോഹൻ, ക്ലിനിക്കിന്റെ എം.ഡി ബിബിലാഷ് എന്നിവർ കുറ്റക്കാരെന്നു നീതു മൊഴി നൽകിയെങ്കിലും അത് പൊലീസ് രേഖപ്പെടുത്തിയില്ല. അതിനിടെ ക്ലിനിക് എം.ഡി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. നടപടികൾ വൈകിപ്പിച്ച് ആശുപത്രി ഉടമയ്ക്ക് ജാമ്യത്തിന് അവസരം ഒരുക്കുകയാണ് പൊലീസ്.
അതേസമയം കൃത്യമായി മെഡിക്കൽ റിപ്പോർട്ട് നൽകേണ്ട ഡിഎംഒ ഉൾപ്പെട്ട സമിതി ആശുപത്രിയെ സഹായിക്കുന്ന തരത്തിലുള്ള മെഡിക്കൽ റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നതും. ഇത് എത്തിക്സ് കമ്മറ്റി തള്ളിയെങ്കിലും റിപ്പോർട്ട് പുനഃപരിശോധിക്കേണ്ടെന്ന നിലപാടിലാണ് മെഡിക്കൽ ബോർഡ്. ആരോഗ്യവകുപ്പും കയ്യൊഴിയുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇന്നലെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.