യുഎഇയിൽ നടക്കുന്ന ഏഷ്യൻ യോഗാസന ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട വിദ്യാർഥികൾ പോകാൻ പണമില്ലാതെ ദുരിതത്തിൽ. തൃശൂരിൽ നിന്ന് ഒന്‍പത് പേരാണ് ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വർഷങ്ങളുടെ അധ്വാനത്തിന്‍റെ ഫലം പണമില്ലാത്തതിന്‍റെ പേരിൽ നഷ്ടമാകുമോ എന്ന പേടിയിലാണ് ഇവരെല്ലാം.
ദേശീയ ഗെയിംസിൽ യോഗാസന മെഡൽ ഇനമായി അംഗീകരിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിൽ മെഡൽ ഇനമാക്കാൻ ഇന്ത്യ രണ്ടും കല്പിച്ച് പ്രയത്നിക്കുകയാണ്. അതിനിടെയാണ് കണ്ണും മനസും ശരീരവും ഏകാഗ്രതയോടെ യോഗാസനം പിന്തുടർന്നവർ അവഗണനയിൽ വിഷമിക്കുന്നത്. ഏഷ്യൻ യോഗാസന സ്പോർട്ട്സ് ഫെഡറേഷനും യുഎഇ മിനിസ്ട്രി ഓഫ് സ്പോർട്സും സംയുക്തമായി നടത്തുന്ന ഏഷ്യൻ യോഗാസന ചാംപ്യൻഷിപ്പ് ജൂലൈ നാലിനാണ് ആരംഭിക്കുന്നത്. യുഎഇയിലെ ഫുജൈറയിൽ വെച്ച് നടക്കുന്ന മത്സരത്തിന് ടിക്കറ്റിന് മറ്റും ആയി ഒരാൾക്ക് കുറഞ്ഞത് 60,000 രൂപയെങ്കിലും ആകും, സാധരണക്കാരായ കുട്ടികൾക്ക് ഇത് ഭീമമായ തുകയാണ്.
സംസ്ഥാന ടീമിന് വേണ്ടിയുള്ള സെലക്ഷൻ മത്സരത്തിൽ വിജയം നേടിയവർ ഉൾപ്പെടെ 24 പേർ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ 13 പേർ യോഗ്യത നേടി. ഇവരിൽ ഒൻപതു പേർ തൃശൂർ സ്കൂൾ ഓഫ് യോഗയിൽ നിന്നാണ്. ഇതിൽ ആറു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ട്. കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലല്ല ഇവർ പങ്കെടുക്കുന്നത്. രാജ്യാന്തര മത്സരങ്ങൾക്ക് കുട്ടികളെ അയയ്ക്കേണ്ട ദേശീയ ഫെഡറേഷൻ ഏതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതുകൊണ്ട് കുട്ടികൾക്ക് അവിടെ നിന്നുള്ള സഹായം പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്.
രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സ്വപ്നം പാതിവഴിയിൽ മുടങ്ങിയപ്പോൾ ഇവരെ സഹായിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. കേരളത്തിൽനിന്ന് ഔദ്യോഗികമായി ഇവരെ സഹായിക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. ഈ ദുസ്ഥിതിക്ക് ഉത്തരം പറയേണ്ടവരാകട്ടെ മൗനത്തിലുമാണ്.