കൊടുംകാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി കുമളി മംഗള ദേവീക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിന് ഇത്തവണ ആയിരങ്ങൾ തൊഴാനെത്തി. പെരിയാർ കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് മേട മാസത്തിലെ ചിത്രപൗർണമി ദിവസം നടക്കുന്ന ഉത്സവത്തിന് മാത്രമാണ് ഭക്തരെ കടത്തിവിടുന്നത്
ചിലപ്പതികാര കഥയിലെ വീര നായികയായ കണ്ണകി ഭർത്താവ് കോവിലനെ കള്ളനെന്ന് മുദ്രകുത്തി രാജാവ് കൊലപ്പെടുത്തിയതിന് പ്രതികാരമായി മധുരാനഗരം ചുട്ടരിച്ച ശേഷം മംഗളാദേവി മലയിൽ വന്ന് സമാധിയായെന്നാണ് ഐതീഹ്യം. പതിറ്റാണ്ടുകളായി കേരളവും തമിഴ്നാടും തമ്മിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കത്തിലാണ്. ഇരു സംസ്ഥാനങ്ങളുടെയും മേൽനോട്ടത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്. കുമളിയിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലെത്താൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു
ദുർഘടമായ കാനന പാത താണ്ടി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഇത്തവണ 19501 പേരാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് കരിങ്കല്ല് കൊണ്ട് പുരാതന വാസ്തു ശൈലിയിൽ നിർമ്മിച്ച ക്ഷേത്രം ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഇത് പുതുക്കിപ്പണിയാൻ ഉടനെ നടപടിയെടുക്കണമെന്നാണ് ഭക്തരുടെ ആവശ്യം