kerala-monsoon

TOPICS COVERED

കാലവര്‍ഷം ഇങ്ങെത്തിപ്പോയി. ആന്‍ഡമാന്‍ ദ്വീപസൂഹത്തില്‍ കാലവര്‍ഷം തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്നു നാലു ദിവസത്തിനകം കന്യാകുമാരി മേഖലയില്‍ മഴയെത്തിച്ചേരും . മേയ് 27 ന് കേരളത്തില്‍ മഴ എത്തേണ്ടതാണ്. ഇതിന് നാലുദിവസം മുന്‍പോ പിന്‍പോ മഴ തുടങ്ങാം. 

rain-monsoon-05

ഇത്തവണ സാധാരയേക്കാള്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് പ്രവചനം. പസഫിക്കിലെ എല്‍നിനോയുടെ അഭാവം മണ്‍സൂണിന് അനുകൂലമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ നീളുന്ന കാലവര്‍ഷക്കാലത്ത് 87 സെന്‍റിമീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം അധികം മഴ കിട്ടി. ഇത്തവണയും നല്ല തോതില്‍ മഴകിട്ടുമെന്നാണ് പ്രതീക്ഷ.  മധ്യേഷ്യയിലെ മഞ്ഞ് വീഴ്ച യും മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകമാണ്. 

വടക്കുകിഴക്കന്‍സംസ്ഥാനങ്ങള്‍,  വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ , തെക്കേ ഇന്ത്യയിലെ ചിലഭാഗങ്ങള്‍ എന്നിവ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും നല്ല മഴയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ലഭിക്കുന്ന മഴയുടെ ഏകദേശം എഴുപതു ശതമാനവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നറിയുന്ന മണ്‍സൂണ്‍കാലത്താണ് ലഭിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വൈദ്യുതി ഉത്പാദനം, കുടിവെള്ള ലഭ്യത എന്നിവയും ഈ മഴയെ ആശ്രയിക്കുന്നു. ഇതിനാല്‍ മണ്‍സൂണ്‍രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാനമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ . നെല്‍കൃഷിക്കാര്‍ക്ക് നല്ല വാര്‍ത്തയാണ് സാധാരണയിലും മെച്ചമായി ഇത്തവണ മഴ കിട്ടാന്‍ ഇടയുണ്ടെന്ന പ്രവചനം. 

People watch the dark clouds hovering over the city during pre-monsoon showers, in Kochi

File photo

മണ്‍സൂണ്‍ എന്നത് മഴയെ സൂചിപ്പിക്കുന്ന വാക്കല്ല. മഴയെത്തിക്കുന്ന തെക്കുപടി‍ഞ്ഞാറന്‍സമുദ്രത്തില്‍ നിന്നെത്തുന്ന  കാറ്റിനെയാണ് മണ്‍സൂണ്‍ എന്നു വിളിക്കുന്നത്. അറബിയിലെ മൗസം ഇംഗ്ളിഷുകാര്‍ മണ്‍സൂണ്‍ആക്കിയതാണത്രെ.  

ട്രേഡ് വിന്‍ഡ്സ് എന്നും ഇവക്ക് വിളിപ്പേരുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലെ വേനലില്‍കര ചൂടു പിടിക്കുന്നതോടെ സമുദ്രത്തില്‍ നിന്ന് തണുത്ത മഴക്കാറ്റുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വീശിയെത്തും. ന്യൂനമര്‍ദ്ദം, ചക്രവാതചുഴികള്‍ ചുടങ്ങി ചുഴലിക്കാറ്റുകള്‍വരെ മണ്‍സൂണിന്‍റെ മുന്നോട്ടുള്ള പ്രവാഹത്തെ സ്വാധിനിക്കും. ജൂണില്‍ കേരളതീരത്തെത്തുന്ന മഴ , സെപ്റ്റംബറോടെ കശ്മീരിന്‍റെ ഉത്തരഭാഗത്ത് എത്തിച്ചേരും. ലോകത്തെ ഏറ്റവും ബൃഹത്തും മനോഹരവുമായ കാലാവസ്ഥാ പ്രതിഭാസമെന്നാണ് മണ്‍സൂണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. 

ENGLISH SUMMARY:

Monsoon likely to reach Kerala on May 27