തിരുവനന്തപുരത്തെ സ്വകാര്യ കോസ്മെറ്റിക് ക്ലിനിക്കിലെ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടിയുടെ കുടുംബം. വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണം. അധികൃതരെ സഹായിക്കാനാണ് നിലവിലെ മെഡിക്കല്‍ ബോര്‍ഡ് ഇടപെടുന്നതെന്നും പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സോഫ്റ്റുവെയര്‍ എന്‍ജിനീയറായ നീതുവിന്‍റെ ഒന്‍പതുവിരലുകളാണ് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടി വന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അസ്വസ്ഥതയുണ്ടായതോടെ ഡോക്ടറെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍ ഷൈനാള്‍ ശശാങ്കന്‍ വിശ്വസിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു. കഴക്കൂട്ടം കുളത്തൂരെ കോസ്മറ്റിക് ക്ലിനികിലാണ് നീതു ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ഫെബ്രുവരി 22നായിരുന്നു അടിവയറ്റിലെ കൊഴുപ്പു നീക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് നീതു. 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്ന ശേഷമാണ് ജീവന്‍ രക്ഷിക്കുന്നതിനായി വിരലുകള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്.