ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായം കൈമാറി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിൽ നിന്നും നിറ കണ്ണുകളോടെയാണ് അമ്മമാർ സഹായം ഏറ്റു വാങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇതുവരെ സഹായം ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാ ആറു പേരുടെ ജീവനാണ് കളർകോട് ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഡിസംബർ രണ്ടിനുണ്ടായ ദുരന്തത്തിൻ്റെ ആഘാതവും വേദനയും കുടുംബങ്ങളിൽ നിന്നോ കൂട്ടുകാരിൽ നിന്നോ വിട്ടു മാറിയിട്ടില്ല. വിങ്ങുന്ന ഹൃദയത്തോടും നിറ കണ്ണുകളോടെയുമാണ് എടത്വ സ്വദേശി ആൽവിൻ ജോർജ്ജിന്റെയും, കാവാലം സ്വദേശി ആയുഷ് ഷാജിയുടെയും അമ്മമാർ സഹായധനം സ്വീകരിക്കാൻ വണ്ടാനം മെഡിക്കൽ കോളേജ് കാമ്പസിൽ എത്തിയത്.
സദസ്സിലുണ്ടായിരുന്ന അധ്യാപകരും വിദ്യാർത്ഥികളും സങ്കടം അടക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുളുമ്പി
ആരോഗ്യ സർവകലാശാലയുടെ സ്റ്റുഡന്‍റ് ബെനവലന്‍റ് സ്‌കീമിൽ നിന്നാണ് രണ്ട് വിദ്യാർത്ഥികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൈമാറിയത്. അപകടത്തിൽ മരിച്ച മറ്റ് വിദ്യാർത്ഥികളുടെ ധനസഹായം പിന്നീട് കൈമാറും. ആയുഷ് ഷാജിയുടെ കുടുംബത്തിന് മെഡിക്കൽ കോളജ് പിടിഎ യുടെ നേതൃത്വത്തിൻ നിർമ്മിക്കുന്ന വീട് ഈ മാസം 16ന് കുടുംബത്തിന് കൈമാറും. ഡോക്ടറാകുക എന്ന സ്വപ്നം പൂർത്തീകരിക്കാനെറോഡിൽ പൊലിഞ്ഞ 6 കൂട്ടുകാർ കണ്ണീരോർമയായി സഹപാഠികളുടെ ഉള്ളിലുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടമായവരും സങ്കടത്തിൽ ഒപ്പം നിൽക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ അധ്യാപകരും സഹപാഠികളും. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാരിന്‍റെ ഒരു സഹായവും ഇപ്പോഴും കിട്ടിയിട്ടില്ലെന്ന പരാതിയും ശക്തമാണ് .