വന്ദേഭാരതില്‍ ഒരു ടിക്കറ്റ് കിട്ടാന്‍ നെട്ടോട്ടമോടുന്ന യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. സീറ്റുകളുടെ എണ്ണം കൂടുകയാണ്. നിലവില്‍ ആലപ്പുഴ വഴിയുളള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതില്‍ എട്ടു കോച്ചുകള്‍ മാത്രമാണുളളത്. ഇത് 16 ആയി ഉയര്‍ത്തും. ഏഴ് ചെയര്‍ കാറുകളും ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാറുമാണ് കൂടുന്നത്. 16 കോച്ചുകള്‍ വരുന്നതോടെ 530 സീററുകളാണ് വര്‍ധിക്കുന്നത്. നാഗര്‍കോവില്‍ ചെന്നൈ വന്ദേഭാരത് 20 കോച്ചുകളുളള സര്‍വീസായി മാറുകയാണ്. ഈ റൂട്ടിലോടുന്ന ട്രെയിനാണ് കേരളത്തിന് ലഭിക്കുക.22 മുതലാണ് സര്‍വീസ്.
മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3. 5 നാണ് തിരുവനന്തപുരത്തെത്തുന്നത്. 4. 5 ന് പുറപ്പെട്ട് പുലര്‍ച്ചെ 12. 40ന് മംഗളൂരുവിലെത്തും. നല്ല തിരക്കുളള റൂട്ടില്‍ കോച്ചുകളുടെ എണ്ണം 20 ആയി ഉയര്‍ത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയം വഴിയുളള വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം 20 ആയി ഉയര്‍ത്തിയിരുന്നു. നിറഞ്ഞോടുകയാണ് ഈ സര്‍വീസ്. ആലപ്പുഴ വഴി 16 കോച്ചുകളും നിറഞ്ഞോടിയാല്‍ വീണ്ടും കോച്ചുകളുടെ എണ്ണം കൂട്ടിയേക്കാം.