അപകീര്‍ത്തികേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് ഇന്നലെ ഷാജന്‍ സ്കറിയയെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

ഡിസംബര്‍ 23 നാണ്  'മറുനാടന്‍ മലയാളി' യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വിഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി. കെട്ടിച്ചമച്ചതും കളവുമായ ആരോപണങ്ങളിലൂടെ സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നുമായിരുന്നു പരാതി. വിഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി ഷാജന്‍ രംഗത്തെത്തി.  പിണറായിസം തുലയട്ടെ, അഴിമതി വീരന്‍, മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലെ മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് അതിന് ഓശാന പാടുകയാണെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. 'ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു, അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ' ഷാജന്‍ കൂട്ടിച്ചേര്‍ത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

ENGLISH SUMMARY:

Shajan Skaria, editor of Marunadan Malayali, was granted bail after being arrested in a defamation case filed by a woman from Mahe. The complaint was over a YouTube video that allegedly defamed her. Following his arrest, Shajan criticized the Chief Minister and claimed the case was politically motivated.