ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെടാതെ അധികൃതർ. ഉയരപ്പാത നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ മണിക്കൂറുകൾ ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. മഴക്കാലം തുടങ്ങിയാൽ ദുരിതം ഇരട്ടിയാകും.
അരൂർ - തുറവൂർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി യോഗങ്ങൾ ചേർന്നു. തീരുമാനങ്ങൾ അനവധിയുണ്ടായി. എന്നാൽ നടപ്പാക്കാൻ മാത്രം ആരുമുണ്ടായില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ ദുരിതവും തുടരുന്നു. ചന്തിരൂർ മുതൽ അരൂർ വരെയാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷം. രാവിലെയും വൈകുന്നേരവും ഗതാഗത തടസം മണിക്കൂറുകൾ നീളും. ഉയരപ്പാത നിർമാണ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.
മഴക്കാലം വരുന്നു, വിദ്യാലയങ്ങൾ തുറക്കാറാകുന്നു. വരും മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. വലിയ വാഹനങ്ങൾക്ക് ഈ മേഖലയിൽ നിയന്ത്രണമുണ്ട്. ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമൊന്നുമില്ല. കരാർ കമ്പനിക്കോ അധികാരികൾക്കോ ദേശീയ പാത അതോറിറ്റിക്കോ ജനങ്ങളുടെ ദുരിതമൊന്നും ഒരു പ്രശ്നവുമല്ല.