തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് വയസുകാരിയുടെ നില അതീവഗുരുതരം. കൊല്ലം വിളക്കുടി സ്വദേശിനിയുടെ ഹബീറയുടെ നിയ ഫൈസലിന് നായയുടെ കടിയേറ്റത് കഴിഞ്ഞമാസം എട്ടാം തീയതിയാണ്. വാക്സീൻ എടുത്താലും ഞ്ഞരമ്പുകളിൽ മുറിവേട്ടാൽ അപകട സാധ്യത കൂടുതലാണെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ്. ബിന്ദു പറഞ്ഞു.
വാക്സീന്‍റെ അവസാന ഡോസ് ചൊവ്വാഴ്ച എടുക്കാനിരിക്കെയാണ് നിയയ്ക്ക് 28-ാം തീയതി പനി കൂടിയത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കഴിഞ്ഞമാസം എട്ടാം തീയതി നായയുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കം പ്രതിരോധ നടപടികളും തുടങ്ങിയതും.
എന്നാൽ, മൂന്ന് ഡോസ് കഴിഞ്ഞ ശേഷമാണ് പനി തുടങ്ങിയത്. അങ്ങനെ എസ് എ ടി ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ വെന്റിലേറ്ററിലാണ്. കുട്ടിയെ കടിച്ച നായയെ രണ്ടുദിവസം കഴിഞ്ഞപ്പോൾ ചത്ത നിലയിൽ കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്ത് ഈ മാസം മാത്രം 6 പേവിഷബാധ മരണങ്ങൾ ഉണ്ടായിരിക്കെ ജനങ്ങൾക്കിടയിലും ആശങ്ക വർധിച്ചിരിക്കുകയാണ്. തെരുവുനായ നിയന്ത്രണം വാക്കുകളിലും ഫയലുകളിലും മാത്രം ഒതുങ്ങി. വാക്സിന്റെ കാര്യത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും പഠനത്തിനുപോലും ആരോഗ്യവകുപ്പ് ഒരുക്കവുമല്ല.