വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ ഇരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ രാജീവ് ചന്ദ്രശേഖരിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമും. 'എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജിൽ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര...മുതിരാവാക്യം വിലിക്കാനുമരിയാം,വിവരക്കേടുകൾ പരയാനുമരിയാം' എന്നാണ് സ്റ്റേജില്‍ ഇരിക്കുന്ന രാജീവിന്‍റെ ചിത്രം പങ്കുവെച്ച് ബല്‍റാം കുറിച്ചത്.
ഞങ്ങൾക്ക് കുമ്മനടിക്കാനും അറിയാം , കുമ്മനടിക്ക് ശേഷം അവതരിപ്പിക്കുന്നത് ചന്ദ്രഹാസം, അൽപ്പൻമാരുടെ സദസ് വിഴിഞ്ഞത്തിന്‍റെ ശോഭകെടുത്തി എന്നൊക്കെയാണ് കമന്‍റുകള്‍. വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പുലിവാല്‍ കല്യാണം സിനിമയിലെ ജഗതി ഇരിക്കുന്ന തരത്തിലുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഞങ്ങൾ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖർ വേദിയിലും എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ധനകാര്യ മന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ വേദിയില്‍ സീറ്റ് അനുവദിച്ചിരുന്നില്ല. രാജീവ് ചന്ദ്രശേഖരിന് മാത്രമാണ് വേദിയില്‍ സീറ്റ് അനുവദിച്ചത്. കേരളം നല്‍കിയ ലിസ്റ്റില്‍ രാജീവിന്‍റെ പേര് ഇല്ലായിരുന്നെന്നും കേന്ദ്രമാണ് അന്തിമപട്ടിക തീരുമാനിച്ചതെന്നുമാണ് ഇടതുനേതാക്കളുടെ വിശദീകരണം.