അപകടത്തില്‍പെട്ട വാഹനം.
ഓട്ടോ ഓടിച്ചുകൊണ്ടിരിക്കേ തോളിലന്തോ തട്ടുന്നതു പോലെ തോന്നി തിരിഞ്ഞുനോക്കിയ ഡ്രൈവര്‍ കണ്ടത് മുഖത്തിനു നേരെ നില്‍ക്കുന്ന പാമ്പിനെ. പാമ്പ് ഓട്ടോ ഡ്രൈവറുടെ ദേഹത്തേക്ക് കയറിയതോടെ വാഹനം തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ചു. തിരുവനന്തപുരം മാറനല്ലൂരാണ് സംഭവം. തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പെട്ടത്. രണ്ടുമാസത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓട്ടോയിലുണ്ടായിരുന്നത്. പുറകില്‍ വച്ചിരുന്ന മാലിന്യ ചാക്കില്‍ നിന്ന് പാമ്പിഴഞ്ഞ് ഡ്രൈവര്‍ കാബിനുളളിലെത്തി. പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടതെന്ന് ഡ്രൈവര്‍ വിഷ്ണു പറഞ്ഞു.
തോളിലെന്തോ തട്ടുന്നതുപോലെ തോന്നി തിരിഞ്ഞപ്പോള്‍ കണ്ടത് മുഖത്തിനു നേരെ നില്‍ക്കുന്ന പാമ്പിനെ. കഴുത്തിലേക്ക് കയറിയ പാമ്പിനെ തട്ടിമാറ്റാന്‍ നോക്കിയപ്പോഴാണ് വണ്ടി പോസ്റ്റിലിടിച്ചതെന്ന് വിഷ്ണു പറയുന്നു. പോസ്റ്റിലിടിച്ച് നിന്ന ഓട്ടോയില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വിഷ്ണുവിന്‍റെ കൈക്കും തലയ്ക്കും പരുക്കുണ്ട്. പാമ്പിനെ തല്ലിക്കൊല്ലാനായി നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് തൊട്ടടുത്തുള്ള കുറ്റക്കാട്ടിലേക്ക് ഇഴഞ്ഞുകയറി.