പി.കെ.ശ്രീമതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീമതി ടീച്ചര്‍ക്ക് കേരളത്തില്‍ ചുമതല നിര്‍വഹണത്തിന്‍റെ ബാധ്യതയില്ല. സംഘടനാ ചുമതല നല്‍കിയിരിക്കുന്നത് മഹിളാ രംഗത്താണ്. കേരളത്തിലുള്ളപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ശ്രീമതിക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. 75 വയസുവരെയാണ് പ്രവര്‍ത്തന കാലാവധി. എനിക്ക് ഇളവ് കിട്ടിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

പി.കെ.ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി വിലക്കി എന്നായിരുന്നു വാര്‍ത്തകള്‍. നിങ്ങൾക്ക് ഇവിടെ ആരും ഇളവ് നൽകിയിട്ടില്ലെന്ന് പത്തൊന്‍പതാം തീയതി നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി പറഞ്ഞതായാണ് വിവരം . ഇതോടെ വെള്ളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽനിന്ന് പി.കെ.ശ്രീമതി വിട്ടുനിന്നുരുന്നു.  

19ാം തീയതി നടന്ന സെക്രട്ടറിയേറ്റിൽ ശ്രീമതിയുടെ മുഖത്തുനോക്കിയാണ് നിങ്ങൾക്ക് ഇവിടെ ആരും ഇളവ് നൽകിയിട്ടില്ല എന്ന് പിണറായി പറഞ്ഞത്. ശ്രീമതി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും പിണറായി വ്യക്തമാക്കി. എന്നാൽ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തിൽ പറഞ്ഞതായാണ് സൂചന. ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിയുടെപേരില്‍ സംസ്ഥാനകമ്മിറ്റിയില്‍നിന്ന് ഒഴിവായ ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്‍റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവുവാങ്ങി കേന്ദ്രകമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വാര്‍ത്ത അടിസ്ഥാരഹിതമാണെന്ന് ശ്രീമതി വാദിക്കുന്നു. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan clarifies P.K. Srimathi's role in the state, stating she has no administrative responsibilities. He defends her inclusion in the central committee, highlighting it as recognition for her exemplary work.