പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ അഷ്റഫിന്റെ മൃതദേഹം മലപ്പുറം പറപ്പൂർ ചോലക്കുണ്ട് ജുമാ മസ്ജിദിൽ ഖബറടക്കി. കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. കേസിൽ 20 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളുരുവിലെ പ്രാദേശിക ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് അഷ്റഫ് ആക്രമണത്തിന് ഇരയായത്. മാനസിക അസ്വസ്ഥമുള്ള അഷ്റഫ് ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ജീവിച്ചിരുന്നത്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോവാറുണ്ടെന്ന് പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.
പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫിനെ ആക്രമിച്ചതെന്നാണ് പ്രതികൾ പൊലീസിനു നൽകിയത്. രാവിലെ പത്തരയോടെ പറപ്പൂരിൽ എത്തിച്ച മൃതദേഹം അല്പസമയം അടുത്ത വീട്ടിൽ പൊതുദർശനത്തിന് വച്ചു. പിന്നാലെ ചോലക്കുണ്ട് ജുമാ മസ്ജിദിൽ കബറടക്കം.
കൊലപാതകത്തിൽ വിശദമായി അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാരിനെ സമീപിക്കാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.