കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ റാപ്പര്‍ വേടന്‍റെ മാലയിലെ ലോക്കറ്റ്  പുലിപ്പല്ലെന്ന്  വനംവകുപ്പ് . ഇതോടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി  വനംവകുപ്പ് കേസെടുക്കും . വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്   കേസ്. വേടന്‍ കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായപ്പോഴാണ് ലോക്കറ്റ് പരിശോധിച്ചത്. ഹിരൺ ദാസ് മുരളി എന്നാണ് വേടന്‍റെ യഥാർഥ പേര്.

റാപ്പർ വേടന്‍റെ കൊച്ചി കണിയാമ്പുഴയിലെ ഫ്ളാറ്റില്‍  നിന്നാണ് കഞ്ചാവ് പിടികൂടിയത്.  ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറര ഗ്രാം കഞ്ചാവ് കണ്ടെത്തി. വേടനും മ്യൂസിക് ബാന്‍ഡിലെ  എട്ട്  അംഗങ്ങളും അറസ്റ്റിലായി. ലഹരി ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന റോളിങ് പേപ്പറും കണ്ടെടുത്തു.  വീട്ടിലുണ്ടായിരുന്നവരുടെ  മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി.ഐ അറിയിച്ചു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വേടൻ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഫ്ലാറ്റിൽ നിന്ന് ഒന്‍പതര ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഇതൊരു പരിപാടിക്ക് ലഭിച്ച പ്രതിഫലമാണെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്.

ബുധനാഴ്ച ഇടുക്കിയില്‍ നടക്കുന്ന സര്‍ക്കാര്‍ വാര്‍ഷിക പരിപാടിയില്‍നിന്ന് വേടനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയിലായിരുന്നു വേടന്‍റെ റാപ്പ് ഷോ. 

ENGLISH SUMMARY:

In a cannabis case, rapper Vetan, who was taken into custody, was found to have a locket shaped like a wild animal on his necklace. The Forest Department has filed a case against him under the Wildlife Protection Act. Vetan, whose real name is Hiran Das Murali, was arrested in a cannabis-related case, and the locket was discovered during the inspection. A non-bailable offense charge will be applied against him, and the Forest Department is pursuing the case.