പൊലീസിനെയും നാട്ടുകാരെയും വലച്ച് സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ വ്യാജബോംബ് ഭീഷണി തുടരുന്നു. ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ഇമെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. സന്ദേശം അയക്കുന്നത് ഡാര്‍ക് നെറ്റിലെ വ്യാജ മെയില്‍ ഐ.ഡിയില്‍ നിന്നെന്ന് പൊലീസ്. ഒന്നരമാസമായി സംസ്ഥാനത്തെമ്പാടും വ്യാജഭീഷണി സന്ദേശമെത്തിയിട്ടും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണമില്ല.
രാവിലെ 10ന് തിരുവനന്തപുരം വിമാനത്താവളത്തില്‍, ഒരു മണിക്കുള്ളില്‍ ബോംബ് പൊട്ടുമെന്ന് സന്ദേശം. പൊലീസും സി.ഐ.എസ്.എഫുമെല്ലാം അരിച്ചുപെറുക്കിയിട്ടും ബോംബ് പോയിട്ട് പൊട്ടാസുപോലുമില്ല. വിമാനത്താവളത്തിലെ കലാപരിപാടി കഴിഞ്ഞപ്പോള്‍ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ തുടങ്ങി. മൂന്ന് മണിക്കുള്ളില്‍ ബോംബ് പൊട്ടുമെന്ന ഭീഷണി. അവിടെയും അരിച്ചുപെറുക്കി, ഒന്നുമില്ല. രണ്ട് മാസമായി സംസ്ഥാനത്ത് ബോംബ് ഭീഷണിയില്ലാത്ത ദിവസമില്ല. കലക്ടറേറ്റ്, കോടതി, റയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍ തുടങ്ങി ആളുകൂടുന്ന സ്ഥലത്തെല്ലാമെത്തി ഭീഷണി സന്ദേശം. ബോംബ് തിരയാന്‍ പോയവരെ തിരുവനന്തപുരം കലക്ടേറ്റിലെ കടന്നല്‍ ഓടിച്ചിട്ട് കുത്തുകവരെയുണ്ടായി. ഈ കാണുന്ന ഇമെയില്‍ സന്ദേശമാണ് ഭൂരിഭാഗം ഇടങ്ങളിലും. തമിഴ്നാട് മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സന്ദേശത്തിലും പറയുന്നത്. ഡാര്‍ക് വെബിലെ വഴി രൂപീകരിച്ച മെയില്‍ ഐ.ഡിയായതിനാല്‍ കണ്ടെത്താനാവുന്നില്ലെന്ന് പറയുന്ന പൊലീസ് വിവരം തേടി മൈക്രോസോഫ്റ്റിന് കത്തയച്ച് കാത്തിരിക്കുകയാണ്. ഭീഷണി വ്യാജമെന്ന് അറിയാമെങ്കിലും ബോംബായതിനാല്‍ പരിശോധിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണ്. ഇതെല്ലാം കണ്ട് ആ സൈക്കോ ഭീഷണിക്കാരന്‍ ചിരിച്ച് രസിക്കുന്നുണ്ടാവും.